ന്യൂഡൽഹി: ഭീകരതയുമായി ബന്ധപ്പെട്ട പാകിസ്ഥാന്റെ നിലപാടിനെ പിന്തുണച്ച പ്രസ്‌താവന പിൻവലിച്ച് വടക്കൻ അമേരിക്കൻ രാജ്യമായ കൊളംബിയ. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ കൊളംബിയ സന്ദർശിച്ച ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഇടപെടലിനെ തുടർന്നാണിത്.
കൊളംബിയൻ വിദേശകാര്യ മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം തരൂരാണ് പാക് പ്രസ്‌താവന പിൻവലിക്കാനുള്ള തീരുമാനം അറിയിച്ചത്. ഇന്ത്യയെ നിരാശപ്പെടുത്തിയ പ്രസ്താവന അവർ പിൻവലിച്ചു. ഇന്ത്യയുടെ നിലപാടിനും ധാരണയ്ക്കും ശക്തമായ പിന്തുണ നൽകുന്ന ഒരു പ്രസ്താവന പുറപ്പെടുവിക്കുമെന്ന് കൊളംബിയൻ ഭരണാധികാരികൾ ഉറപ്പു നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിൽ കൊല്ലപ്പെട്ടവർക്ക് കൊളംബിയ അനുശോചനം രേഖപ്പെടുത്തിയതിലെ നിരാശ ചർച്ചകളിൽ പ്രതിനിധി സംഘം അറിയിച്ചിരുന്നു. രാജ്യത്തെ ഇങ്ങോട്ട് ആക്രമിക്കുന്നവരും സ്വന്തം രാജ്യത്തെ പ്രതിരോധിക്കുന്നവരെയും ഒരേ രീതിയിൽ കാണാനാകില്ലെന്ന് കൊളംബിയയെ ബോധ്യപ്പടുത്തിയെന്ന് തരൂർ ചൂണ്ടിക്കാട്ടി. ലോക സമാധാനത്തിനും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമാധാനത്തിനും വേണ്ടി ഒപ്പമുണ്ടാകുമെന്ന് അവർ ഉറപ്പു നൽകി. ഇന്നലെ കൊളംബിയയിലെ ചർച്ചകൾ പൂർത്തിയാക്കി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം ബ്രസീലിലേക്ക് തിരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |