വെടിനിറുത്തലിനു ശേഷവും ആക്രമണം
ടെൽ അവീവ്: അനിശ്ചിതത്വത്തിനും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ ഇറാൻ- ഇസ്രയേൽ സംഘർഷത്തിന് താത്കാലിക വിരാമം. ലോകഭീതിയുടെ 12 ദിവസത്തിനൊടുവിൽ പശ്ചിമേഷ്യയിൽ സമാധാനം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിറുത്തൽ നിർദ്ദേശം ഇരുരാജ്യങ്ങളും അംഗീകരിക്കുകയായിരുന്നു. തീരുമാനത്തെ സ്വാഗതം ചെയ്ത ഇന്ത്യ, ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും പ്രതികരിച്ചു.
വെടിനിറുത്തൽ ട്രംപ് പ്രഖ്യാപിച്ചശേഷവും ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചതാണ് അനിശ്ചിതത്വം സൃഷ്ടിച്ചത്.
ഇറാൻ 14 മിസൈലുകൾ പ്രയോഗിച്ചെന്നും തിരിച്ചടിക്കുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രഖ്യാപിച്ചു. പിന്നാലെ ടെഹ്റാനിലെ റഡാർ സംവിധാനത്തിനു നേർക്ക് ആക്രമണമുണ്ടായി. വെടിനിറുത്തൽ ധാരണ ലംഘിച്ചിട്ടില്ലെന്ന് ഇറാൻ പറഞ്ഞു. ട്രംപിന്റെ ഇടപെടൽ വീണ്ടുമുണ്ടായി.
നെതർലാൻസിലെ ഹേഗിൽ നാറ്റോ ഉച്ചകാേടിയിൽ പങ്കെടുക്കാനുളള യാത്രയ്ക്കിടെ ഇസ്രയേൽ പ്രധാനമന്ത്രിയെ ഫാേണിൽ ബന്ധപ്പെട്ട് പോർ വിമാനങ്ങൾ തിരിച്ചുവിളിക്കാൻ നിർദ്ദേശിച്ചു.പിന്നാലെ ഇസ്രയേലും ഇറാനും ആക്രമണങ്ങളിൽ നിന്ന് പിന്തിരിഞ്ഞതായാണ് റിപ്പോർട്ട്.
ഇസ്രയേലിൽ ആക്രമണം നടത്തിയ ശേഷമാണ് ഇറാൻ വെടിനിറുത്തലിന് ആദ്യം തയ്യാറായത്. ഈ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിയിൽ ഇറാനിൽ ഒമ്പത് പേർ കൊല്ലപ്പെട്ടെന്നും 33 പേർക്ക് പരിക്കേറ്റെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആണവശാസ്ത്രജ്ഞൻ
കൊല്ലപ്പെട്ടു
വെടിനിറുത്തൽ നിലവിൽ വരുന്നതിന് മുൻപ് ഇസ്രയേൽ ആക്രമണത്തിൽ വടക്കൻ ഇറാനിലെ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതായി ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് റെസ സിദ്ദിഖി സാബെറാണ് മരിച്ചത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐ.ആർ.ജി.സി) മുതിർന്ന ഉദ്യോഗസ്ഥൻ കൂടിയായിരുന്നു സാബെർ. ദിവസങ്ങൾക്കുമുൻപ് സിദ്ദിഖിയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മാെത്തം 14 ആണവശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു.
തിരിച്ചടിച്ചശേഷം വഴങ്ങി
1.നാടകീയ സംഭവങ്ങൾ അരങ്ങേറിയശേഷമായിരുന്നു വെടിനിറുത്തലിലെത്തിയത്.അമേരിക്ക വ്യോമാക്രമണം നടത്തി ഇറാന്റെ ഭൂഗർഭ ആണവനിലയം അടക്കം തകർത്തതിന് തിരിച്ചടിയായി തിങ്കളാഴ്ച രാത്രി പത്തോടെ ഖത്തറിലെ അമേരിക്കൻ എയർ ബേസിനു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.
2. മുന്നറിയിപ്പ് നൽകിയശേഷമായിരുന്നു ആറ് മിസൈലുകൾ തൊടുത്തത്. അതിനാൽ ആളപായം സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ അമേരിക്ക സ്വീകരിച്ചിരുന്നു. അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടാൽ ട്രംപിന് നാണക്കേടാകുമായിരുന്നു.
2. ഇതിന്റെ പേരിൽ പ്രത്യാക്രമണം നടത്തില്ലെന്ന നിലപാട് ട്രംപ് സ്വീകരിച്ചു. പിന്നാലെ, ഖത്തർ അമീർ ഷേക്ക് തമിം ബിൽ ഹമദ് അൽത്താനി വഴി വെടിനിറുത്തലിന് പ്രേരിപ്പിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിനെ തിരിച്ചടിച്ചെന്ന ഖ്യാതിയോടെ ഇറാൻ അതിനു വഴങ്ങി.
3. ഇതേസമയം, ട്രംപ് നേരിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബന്ധപ്പെട്ട് വെടിനിറുത്തൽ ആവശ്യപ്പെട്ടു. ഇറാന്റെ ആണവശേഷി തകർക്കുക എന്ന തങ്ങളുടെ ലക്ഷ്യം അമേരിക്ക നിറവേറ്റിക്കൊടുത്ത പശ്ചാത്തലത്തിൽ ഇസ്രയേലും സമ്മതിച്ചു. തുടർന്നാണ് വെടിനിറുത്തൽ നിലവിൽ വന്നതായി ട്രംപ് പ്രഖ്യാപിച്ചത്.
``ഇസ്രയേൽ സ്വയം പരാജയം സമ്മതിച്ച് വെടിനിറുത്തൽ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു``
- ഇറാന്റെ സുപ്രീം നാഷണൽ
സെക്യൂരിറ്റി കൗൺസിൽ
``ഇറാന്റെ ആണവ പദ്ധതികളും മിസൈൽ സന്നാഹങ്ങളും തകർക്കുകയെന്ന ലക്ഷ്യം നേടിയതിനാൽ വെടിനിറുത്തൽ അംഗീകരിച്ചു.``
- ബെഞ്ചമിൻ നെതന്യാഹു,
ഇസ്രയേൽ പ്രധാനമന്ത്രി
``ഇറാന്റെ ആണവശേഷി ഇല്ലാതായി. ഇനി അവർ പദ്ധതി പുനർനിർമ്മിക്കില്ല.``
-ഡൊണാൾഡ് ട്രംപ്
യു.എസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |