
ന്യൂഡൽഹി: മാസം 35000 രൂപ ശമ്പളം. യാതൊരുവിധ സമ്മർദവുമില്ല. രാവിലെ തുടങ്ങുന്ന ജോലി വൈകുന്നേരം അവസാനിപ്പിക്കാം. ഓവർ ടൈം എടുത്താൽ അതിനും ശമ്പളം. ഇഷ്ടമുള്ളപ്പോൾ വിശ്രമിക്കാം ആവശ്യത്തിന് ലീവും എടുക്കാം. ആരാണ് ഇങ്ങനെയൊരു ജോലി ആഗ്രഹിക്കാത്തത്. അത്തരത്തിലൊരു ജോലിചെയ്യുന്ന ചെറുപ്പക്കാരന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ബഹുനില കെട്ടിടങ്ങളിൽ സുരക്ഷാ ഹാർനസിൽ തൂങ്ങിക്കിടന്ന് പെയിന്റടിക്കുന്ന ജോലിയാണ് ചെറുപ്പക്കാരന്. സാനിയ മിർസ എന്ന യുവതി സോഷ്യൽമീഡിയയിൽ പങ്കിട്ടിരിക്കുന്ന വീഡിയോ ആരംഭിക്കുന്നത് ചെറുപ്പക്കാരനുമായി നടത്തുന്ന സൗഹൃദ സംഭാഷണത്തിലൂടെയാണ്. ആ സംഭാഷണത്തിൽ തന്റെ വരുമാനം, തൊഴിലിന്റെ സ്വഭാവം, വിദ്യാഭ്യാസ യോഗ്യത എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് അയാൾ പങ്കുവയ്‌ക്കുന്നത്.
സുരക്ഷാ ഹാർനസ് ധരിക്കുന്നത് മൂലം നടുവേദനയുണ്ടാകില്ലേയെന്ന ചോദ്യത്തിൽ നിന്നാണ് സംഭാഷണം ആരംഭിക്കുന്നത്. ഈ ജോലിയിൽ നിന്ന് ധാരാളം സമ്പാദിക്കുന്നുണ്ടാകുമെന്നും യുവതി തമാശയായി പറയുന്നുണ്ട്. എന്നാൽ തനിക്ക് യാതൊരുവിധത്തിലുള്ള വേദനയുമില്ലെന്നും മാസം 35000 രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നുമാണ് ചെറുപ്പക്കാരൻ മറുപടി പറയുന്നത്. ഇതുകേട്ട് അതിശയിക്കുന്ന യുവതി അയാളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ചോദിക്കുന്നുണ്ട്. ബിരുദം പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് യുവാവ് പ്രതികരിക്കുന്നത്.
തന്റെ സഹോദരൻ സൈന്യത്തിലാണെന്നും സഹോദരി ബീഹാർ പോലീസിലാണെന്നും അദ്ദേഹം തുടർന്നു പറയുന്നു. പെയിന്റിംഗിനോടൊപ്പം കൃഷിയിലും അദ്ദേഹം സജീവമായി ഏർപ്പെടുന്നുണ്ടെന്ന് സംഭാഷണം വെളിപ്പെടുത്തുന്നു. കാർഷിക വരുമാനം സഹോദരങ്ങളുടെ വരുമാനത്തേക്കാൾ കൂടുതലാണോ എന്ന് ചോദിച്ചപ്പോൾ കരിമ്പ് വിൽപ്പനയിലൂടെ പ്രതിവർഷം 10 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയും അഭിനന്ദനവും അറിയിക്കുന്നത്. അദ്ദേഹത്തിന്റെ ശമ്പളം കേട്ട് അതിശയിക്കുന്നവർ അതിനുപിന്നിലെ കഠിനാദ്ധ്വാനം കാണാതെ പോകരുതെന്ന് പലരും അഭിപ്രായപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |