ന്യൂഡൽഹി: സർക്കാർ രണ്ടു വർഷം പിന്നിടവെ കർണാടക കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ സജീവം. മൂന്നുമാസത്തിനുള്ളിൽ സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമാണ്. ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്ന് അഭ്യൂഹങ്ങൾ തള്ളാതെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു.
സംസ്ഥാന ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല കഴിഞ്ഞ ദിവസം ബംഗളൂരുവിലെത്തി എം.എൽ.എമാരുമായി പ്രത്യേകം കൂടിക്കാഴ്‌ച നടത്തിയതും ശിവകുമാർ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ മുഖ്യമന്ത്രിയായേക്കുമെന്ന കോൺഗ്രസ് എം.എൽ.എ എച്ച്.എ. ഇക്ബാൽ ഹുസൈന്റെ പ്രസ്‌താവനയുമാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്. സർക്കാർ രൂപീകരിക്കാൻ വിയർപ്പൊഴുക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് ഹുസൈൻ പറഞ്ഞു. ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് വിശ്വാസം. 2023ൽ സർക്കാർ രൂപീകരണ സമയത്ത് ധാരണയായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 മേയ് മാസത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരമുണ്ടായിരുന്നു. ഹൈക്കമാൻഡ് ശിവകുമാറിനെ അനുനയിപ്പിച്ചാണ് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയത്. രണ്ടര വർഷം കഴിയുമ്പോൾ ശിവകുമാറിന് മുഖ്യമന്ത്രി പദം നൽകുമെന്ന് വാഗ്ദാനം നൽകിയെന്നും അന്ന് കേട്ടിരുന്നു. മുഡ ഭൂമി അഴിമതിക്കേസ് അടക്കം നിരവധി ആരോപണങ്ങൾ നേരിടുന്ന സിദ്ധരാമയ്യയുടെ പ്രതിച്ഛായയ്‌ക്ക് കോട്ടം വന്നതിനാൽ 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം വരുത്താൻ ഹൈക്കമാൻഡും ആഗ്രഹിക്കുന്നുവെന്നാണ് സൂചന. എന്നാൽ,സിദ്ധരാമയ്യ ക്യാമ്പ് ഇതു തള്ളുന്നു.
നേതൃമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നായിരുന്നു ഖാർഗെയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. അവർക്ക് നടപടിയെടുക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റിന് പാർട്ടിയിൽ വിലയില്ലെന്നും ഗാന്ധി കുടുംബമാണ് തീരുമാനമെടുക്കുന്നതെന്നും ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനാവാല കളിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |