
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ജോബി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യത്തെ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയാണ് ജോബി. രാഹുലിന്റെ നിർദേശപ്രകാരം ഗർഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ഇയാളാണെന്നാണ് യുവതിയുടെ മൊഴി. എന്നാൽ യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഗുളിക എത്തിച്ചു നൽകിയതെന്നും മരുന്നിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നുമാണ് ജോബി പ്രതികരിക്കുന്നത്. നിലവിൽ ഇയാൾ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുകയാണ്. കേസ് പരിഗണിക്കുന്നത് 17 ലേക്ക് മാറ്റി.
ലൈംഗികപീഡനം ആരോപിച്ചുള്ള രണ്ടാമത്തെ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഹോംസ്‌റ്റേയിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ബംഗളൂരു സ്വദേശിയായ മലയാളി യുവതി നൽകിയ പരാതി. മൂന്ന് മാസത്തേയ്‌ക്ക് ഒന്നിടവിട്ടുള്ള തിങ്കളാഴ്‌ചകളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതിനുപുറമെ എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും നിർദേശമുണ്ട്. ജില്ലാ സെഷൻസ് ജഡ്‌ജി എസ്. നസീറയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. ഇതിനെതിരെ പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യത്തെ കേസിൽ ഹൈക്കോടതി അറസ്റ്റ് ചെയ്യുന്നത് വിലക്കിയിരുന്നു. ഈ കേസിൽ വാദം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസിക്ക് വന്ന ഇ മെയിൽ പരാതി പൊലീസിന് കൈമാറുകയായിരുന്നു. കേസിൽ പരാതിക്കാരി മൊഴി നൽകിയിരുന്നു. എസ് പി പുങ്കൂഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തിയെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |