ന്യൂഡൽഹി: ഡൽഹിയിലും മുംബയിലും വ്യാജ ബോബ് ഭീഷണികൾ. ഇന്നലെ ഇ-മെയിൽ വഴിയാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്. 'കോമ്രേഡ് പിണറായി വിജയൻ" എന്ന ഐ.ഡിയിൽ നിന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചിന് സന്ദേശമെത്തിയത്. ടവർ ബിൽഡിംഗിൽ നാല് ആർ.ഡി.എക്‌സ് ഐ.ഇ.ഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സമയം മൂന്നിന് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു.
തുടർച്ചയായി രണ്ടാം ദിവസമാണ് ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂളിലും ഡൽഹി യൂണിവേഴ്‌സിറ്റിയുടെ സെന്റ് സ്റ്റീഫൻസ് കോളേജിലും ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. രാവിലെ 7.15ന് ഡൽഹി പൊലീസിന് ഇ-മെയിൽ സന്ദേശമെത്തുകയായിരുന്നു. പൊലീസും ബോംബ്, ഡോഗ് സ്‌ക്വാഡുകളും അഗ്നിരക്ഷാസേനയും
പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. രണ്ട് ഭീഷണികളും വ്യാജമായിരുന്നെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച ദ്വാരകയിലെ രണ്ട് സി.ആർ.പി.എഫ് സ്‌കൂളുകൾക്കും ചാണക്യപുരിയിലെ നേവി സ്‌കൂളിനും ഭീഷണി ലഭിച്ചിരുന്നു. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. തുടർച്ചയായുണ്ടാകുന്ന ഭീഷണികൾക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ചാണക്യപുരിയിലെ സ്‌കൂളിന് ലഭിച്ച ഇ-മെയിലിൽ തമിഴ്‌നാട് സർക്കാരിനെതിരായ സന്ദേശമുണ്ടായിരുന്നു. തിങ്കളാഴ്ച പഞ്ചാബിലെ സുവർണക്ഷേത്രത്തിനും ഭീഷണി വന്നതായി ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പൊലീസിന് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |