ഭുവനേശ്വർ: ഒഡീഷയിൽ അദ്ധ്യാപകനെതിരെയുള്ള പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. 95 ശതമാനം പൊള്ളലേറ്റ് മൂന്നു ദിവസമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമു ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.22 വയസായിരുന്നു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. ബാലസോറിലെ ഫക്കിർ മോഹൻ ഓട്ടോണമസ് കോളേജിലാണ് സംഭവം. ഇന്റഗ്രേറ്റഡ് ബി.എഡ് രണ്ടാം വർഷ വിദ്യാർത്ഥിനി ജൂൺ 30ന് അസിസ്റ്റന്റ് പ്രഫസറും വകുപ്പ് അദ്ധ്യക്ഷനുമായ സമീര കുമാർ സാഹുവിനെതിരെ പ്രിൻസിപ്പലിന് പരാതി നൽകി. ദീർഘകാലമായി അദ്ധ്യാപകൻ പീഡിപ്പിക്കുകയാണ്. ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ അക്കാഡമിക് റെക്കാഡ് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പരാതി അധികൃതർ അവഗണിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. ആഭ്യന്തര പരാതി പരാഹാര സെല്ലിനേയും സമീപിച്ചു. നടപടിയെടുക്കാതെ വന്നതോടെ ഈ മാസം മുതൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തി. പൊലീസിനെയും എം.പിയെയും സമീപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ വെള്ളിയാഴ്ച പ്രിൻസിപ്പലിനെ കണ്ട് മടങ്ങിയശേഷം വിദ്യാർത്ഥിനി പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച സഹപാഠിക്കും പൊള്ളലേറ്റു. പ്രതിഷേധം ശക്തമായതോടെ സമീര കുമാർ സാഹുവിനെ അറസ്റ്ര് ചെയ്തു. ഇയാളെയും പ്രിൻസിപ്പൽ ദിലീപ് കുമാർ ഘോഷിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് ഉന്നതസമിതിയെ നിയോഗിച്ചു. എല്ലാ അധികാരികളെയും സമീപിച്ചിരുന്നെന്നും എന്നാൽ നടപടിയില്ലാതെ വന്നതോടെ പെൺകുട്ടി ജീവിതം അവസാനിപ്പിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു. ആരോപണ വിധേയനായ അദ്ധ്യാപകനെതിരെ വേറെയും പരാതികളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കുറ്റപ്പെടുത്തി
പ്രതിപക്ഷം
മരണവാർത്ത പുറത്തുവന്നയുടനെ എയിംസിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വൻ പ്രതിഷേധമുണ്ടായി. ഉപമുഖ്യമന്ത്രി പ്രവതി പരിദയുൾപ്പെടെ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. സംഭവം വലിയ രാഷ്ട്രീയ വാക്പോരിലേക്ക് നയിച്ചു. സർക്കാരിന്റെ പിടിപ്പുകേടെന്ന് ബി.ജെ.ഡിയും കോൺഗ്രസും ആരോപിച്ചു. ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. പെൺകുട്ടിക്ക് എല്ലാ തലങ്ങളിലും നീതി നിഷേധിക്കപ്പെട്ടുവെന്ന് ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രതികരിച്ചിരുന്നു. ഭുവനേശ്വറിലും ബാലസോറിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |