ന്യൂഡൽഹി: ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ബീഹാറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്ന വോട്ടർ പട്ടിക പരിഷ്‌കാരത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും നടപടികൾ തടസപ്പെട്ടു.
ബീഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരിക്കാനുള്ള സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ഇരുസഭകളിലും നടുത്തളത്തിലിറങ്ങി. വോട്ടർ പരിശോധനയ്ക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച 11 രേഖകളിൽ നിന്ന് ആധാറും പാൻ കാർഡും ഒഴിവാക്കിയതിൽ ആശങ്ക പ്രകടിപ്പിച്ചു. വിശദമായ ചർച്ച നടത്താമെന്ന സർക്കാർ ഉറപ്പ് തള്ളി പ്ളക്കാർഡുകൾ ഉയർത്തി പ്രതിഷേധം തുടർന്നതോടെ രാവിലെ 11ന് ആരംഭിച്ച സഭ സമ്മേളിച്ച് മിനിട്ടുകൾക്കുള്ളിൽ നിർത്തി. പിന്നീട് 12ന് ചേർന്നപ്പോഴും ബഹളമായതിനാൽ രണ്ടു വരെ നിറുത്തി. ബഹളം തുടർന്നതിനാൽ ഇന്നലത്തെ നടപടികൾ അവസാനിപ്പിച്ച് പിരിഞ്ഞു. പ്രതിപക്ഷ നേതാക്കൾ പാർലമെന്റിന് വെളിയിൽ മകർ ദ്വാറിന്റെ പടികളിൽ പ്രതിഷേധിച്ചു.
ധൻകറിന് പകരം ഹരിവംശ്
ഉപരാഷ്‌ട്രപതിയും അദ്ധ്യക്ഷനുമായ ജഗ‌്ദീപ് ധൻകറിന്റെ രാജി 12ന് രാജ്യസഭയിൽ, ചെയറിന്റെ ചുമതല വഹിച്ച ഘനശ്യാം തിവാരി ഔദ്യോഗികമായി അറിയിച്ചു. രാവിലെ രാജ്യസഭ സമ്മേളിച്ചപ്പോൾ ധൻകറിന്റെ അസാന്നിധ്യത്തിൽ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് ആണ് സഭ നിയന്ത്രിച്ചത്.
ഓപ്പറേഷൻ സിന്ദൂറിൽ
അടുത്തയാഴ്ച ചർച്ച
ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ അടുത്തയാഴ്‌ച ലോക്‌സഭയിൽ 16 മണിക്കൂർ പ്രത്യേക ചർച്ച നടത്താൻ കേന്ദ്രസർക്കാർ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ സമ്മതിച്ചു. ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകണമെന്ന് പ്രതിപക്ഷ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ചർച്ച തുടങ്ങാമെന്ന് കോൺഗ്രസ് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |