ചീഫ് ജസ്റ്റിസ് കേൾക്കില്ല, പ്രത്യേക ബെഞ്ച് രൂപീകരിക്കും
ന്യൂഡൽഹി: പാർലമെന്റിൽ ഇംപീച്ച്മെന്റ് നീക്കം ശക്തമാകുന്നതിനിടെ, വിവാദ ജഡ്‌ജി യശ്വന്ത് വർമ്മ സമർപ്പിച്ച ഹർജിയിൽ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനം. ഭരണഘടനാ വിഷയങ്ങളുണ്ടെന്നും പ്രത്യേക ബെഞ്ച് രൂപീകരിച്ച് അടിയന്തരമായി വാദം കേൾക്കണമെന്നും ജഡ്‌ജിക്ക് വേണ്ടി ഹാജരായ കപിൽ സിബൽ, മുകുൾ റോത്തഗി തുടങ്ങിയ അഭിഭാഷകർ ഇന്നലെ ചീഫ് ജസ്റ്റിസിന് മുന്നിൽ ആവശ്യപ്പെട്ടു. താൻ വാദം കേൾക്കുന്നത് ഉചിതമല്ലെന്ന് പ്രതികരിച്ച ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് ഉറപ്പുനൽകി. ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെ, ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയതിലാണ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഇംപീച്ച്മെന്റ് നീക്കം. 145 ഭരണ-പ്രതിപക്ഷ എം.പിമാർ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസ് ലോക്‌സഭാ സ്‌പീക്കർക്കും 63 അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷനും കൈമാറിയിരുന്നു. നിലവിൽ അഹമ്മദാബാദ് ഹൈക്കോടതി ജഡ്‌ജിയാണ് യശ്വന്ത് വർമ്മ.
അസാധാരണ വാദംകേൾക്കൽ
ഇന്ത്യൻ ജുഡിഷ്യറിയുടെ ചരിത്രത്തിലെ അസാധാരണ വാദംകേൾക്കലിനാണ് സുപ്രീംകോടതി തയ്യാറെടുക്കുന്നത്. ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ആരോപണവിധേയനായ ജഡ്‌ജി സുപ്രീംകോടതിയെ സമീപിക്കുന്നത് ആദ്യമായാണെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. 1993ൽ അന്ന് സുപ്രീംകോടതി ജഡ്‌ജിയായിരുന്ന വി. രാമസ്വാമിക്കെതിരെ പാർലമെന്റിൽ വന്ന ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെട്ടിരുന്നു. ഇതിനെ ചോദ്യംചെയ്‌ത് ഹർജികൾ സുപ്രീംകോടതിയിലെത്തിയെങ്കിലും പാർലമെന്റ് നടപടികളിൽ ഇടപെടാൻ തയ്യാറായില്ല.
ഇംപീച്ച്മെന്റ് ശുപാർശ റദ്ദാക്കണം
ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ഇംപീച്ച്മെന്റ് നടപടി ശുപാർശ ചെയ്‌ത് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയയ്ക്കുകയും ചെയ്‌തു. ഇംപീച്ച്മെന്റ് ശുപാർശ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ജഡ്‌ജിയുടെ പ്രധാന ആവശ്യം. സമിതിയുടെ റിപ്പോർട്ടും റദ്ദാക്കണം. പണം ആരു കൊണ്ടുവച്ചുവെന്ന ചോദ്യത്തിന് റിപ്പോർട്ടിൽ കൃത്യമായ ഉത്തരമില്ല. തന്റെ പ്രതികരണത്തിന് ന്യായമായ അവസരം നൽകിയില്ല. തെളിവില്ലാതെ, അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് കുറ്റാരോപണമെന്നും ജഡ്‌ജി വാദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |