ന്യൂഡൽഹി: ദാമ്പത്യത്തിലെ പിരിമുറുക്കം ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും കൊടും ദുരിതത്തിലാക്കിയ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ് സുപ്രീംകോടതി. വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് പിന്നാലെ ബിസിനസുകാരനായ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും പ്രതികളാക്കി ഒന്നിനു പിന്നാലെ ഒന്നായി 15 കേസുകളാണ് ഐ.പി.എസ് ഉദ്യോഗസ്ഥയായ ശിവാംഗി ബൻസൽ നൽകിയത്. സ്ത്രീധനപീഡനം, ബലാത്സംഗം, കൊലപാതകശ്രമം, ഗാർഹിക പീഡനം തുടങ്ങി ഗുരുതര കുറ്റങ്ങൾ ആരോപിച്ചു. അറസ്റ്റിലായ ഭർത്താവ് സാഹിബ് ബൻസൽ 109 ദിവസവും, ഭർതൃപിതാവ് മുകേഷ് ബൻസൽ 103 ദിവസവും ജയിലിൽ കിടന്നു. ഭർതൃകുടുംബത്തിന്റെ മാനസികപീഡനം കണക്കിലെടുത്ത സുപ്രീംകോടതി, അസാധാരണ വിഷയത്തിൽ പരസ്യമായി മാപ്പുപറയാൻ ഐ.പി.എസ് ഉദ്യോഗസ്ഥയോട് ഉത്തരവിട്ടു. നഷ്‌ടപരിഹാരം നൽകി നികത്താൻ കഴിയാത്ത ദുരിതമാണ് ഭർത്താവും വീട്ടുകാരും അനുഭവിച്ചതെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്,ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇംഗ്ലീഷ് -ഹിന്ദി ദിനപത്രങ്ങൾ,സാമൂഹിക മാദ്ധ്യമങ്ങൾ എന്നിവ മുഖേന മൂന്ന് ദിവസത്തിനകം പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു.
പദവി ദുരുപയോഗം
ചെയ്യരുത്
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി ഉദ്യോഗസ്ഥയ്‌ക്ക് താക്കീത് നൽകി. ഇനിയൊരു നീക്കം ഭർത്താവിനും കുടുംബത്തിനുമെതിരെ ഉണ്ടാകരുത്. മാപ്പു പറച്ചിൽ ഭർതൃവീട്ടുകാരും ആയുധമാക്കരുത്. വിവാഹമോചനവും അനുവദിച്ചു. ഭർത്താവിനും വീട്ടുകാർക്കുമെതിരെയുള്ള ക്രിമിനൽ-സിവിൽ സ്വഭാവമുള്ള 30ൽപ്പരം കേസുകൾ റദ്ദാക്കി. ഇതേ ദമ്പതികളുടെ കേസ് പരിഗണിക്കവെ,സ്ത്രീധനപീഡന വകുപ്പ് ദുരുപയോഗം ചെയ്യാതിരിക്കാൻ കുടുംബ ക്ഷേമ സമിതികൾ രൂപീകരിക്കണം തുടങ്ങി അലഹബാദ് ഹൈക്കോടതി മുന്നോട്ടുവച്ച മാർഗനിർദ്ദേശങ്ങളും ശരിവച്ചു. ബുദ്ധമത അനുയായിയായ ഉദ്യോഗസ്ഥ ഭർത്താവിന്റെ കുടുംബത്തെ ക്ഷണിച്ച് മകളെ കാണാൻ അവസരമൊരുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |