ന്യൂഡൽഹി: ശസ്ത്രക്രിയകൾ തത്സമയം സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങളുമായി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി). പുതിയ നടപടിക്രമങ്ങൾ ഉൾക്കൊള്ളുന്ന ശസ്ത്രക്രിയയാണെങ്കിൽ മാത്രമേ ലൈവ് സംപ്രേഷണം പാടുള്ളൂവെന്ന് എൻ.എം.സി നിർദ്ദേശിക്കുന്നു. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനും മറ്റുമായാണ് ശസ്ത്രക്രിയകൾ പ്രദർശിപ്പിക്കുന്നത്.
ശസ്ത്രക്രിയ ലൈവായി സംപ്രേഷണം ചെയ്യുകയാണെങ്കിൽ സ്‌പെഷ്യാലിറ്റി യോഗ്യത നേടിയ ശേഷം അഞ്ച് വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരേ ഇത് ചെയ്യാവൂ എന്നും അക്രഡിറ്റഡ് ആശുപത്രികളിലായിരിക്കണം ശസ്ത്രക്രിയ ചെയ്യുന്നതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്രീ റെക്കോഡ് ചെയ്ത ശസ്ത്രക്രിയാ വീഡിയോകളാണ് വിദ്യാർത്ഥികൾക്ക് കൂടുതൽ ഉപയോഗപ്രദമമെന്നും ഇത്തരം വീഡിയോകളെയാണ് കൂടുതൽ പിന്തുണയ്ക്കുന്നതെന്നും എൻ.എം.സി വ്യക്തമാക്കി.
ലൈവ് ശസ്ത്രക്രിയകൾ സംബന്ധിച്ച് മാർഗരേഖ തയ്യാറാക്കാൻ നേരത്തെ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻ.എം.സി രൂപീകരിച്ച സമിതിയാണ് നിർദ്ദേശങ്ങൾ സമർപ്പിച്ചത്. ക്യാമറയുടെ സാന്നിദ്ധ്യവും ധാരാളം പേർ കാഴ്ചക്കാരാകുമെന്നതും രോഗികളെ ബുദ്ധിമുട്ടിച്ചേക്കാം. ഡോക്ടർമാർക്കും ഇത് അസ്വസ്ഥതയുണ്ടാക്കിയേക്കാമെന്നും സമിതി നിരീക്ഷിച്ചു.
നിർദ്ദേശങ്ങൾ
തത്സമയ ശസ്ത്രക്രിയയ്‌ക്കു മുൻപ് സ്ഥാപന മേധാവി ഓപ്പറേഷൻ
തിയേറ്റർ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തണം
രോഗിക്ക് സാമ്പത്തിക ആനുകൂല്യം നൽകരുത്
ശസ്ത്രക്രിയയെ തുടർന്നുണ്ടാകുന്ന എല്ലാ സങ്കീർണതകളും സൗജന്യമായി പരിഹരിക്കണം
രോഗിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം
രോഗിയുടെ സ്വകാര്യത ഉറപ്പാക്കണം
വിദേശ ഡോക്‌ടർമാർക്ക് എൻ.എം.സിയുടെ എത്തിക്‌സ് ആൻഡ് മെഡിക്കൽ രജിസ്‌ട്രേഷൻ
ബോർഡിന്റെയും സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെയും അനുമതിയുണ്ടാകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |