ബംഗളൂരു: ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത രക്തഗ്രൂപ്പ്. പേര് ക്രിബ്. കണ്ടെത്തിയത് കർണാടകയിലെ കോലാർ സ്വദേശിയിൽ. ഹൃദയ ശസ്ത്രക്രിയയ്ക്കായാണ് 38കാരിയെ കോലാറിലെ ആർ.എൽ ജവലപ്പ ആശുപത്രിയിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പ്രവേശിച്ചത്.
സാധാരണയായി കണ്ടുവരുന്ന ഒ ആർഎച്ച് പോസിറ്റീവ് രക്തഗ്രൂപ്പായിരുന്നു യുവതിയുടേത്. ചികിത്സയ്ക്കിടെ യുവതിയുടെ രക്തം മറ്റ് രക്തഗ്രൂപ്പുകളുമായി യോജിച്ചില്ല. കുടുംബാംഗങ്ങളായ 20ഓളം പേരുടെ രക്ത സാമ്പിളുകൾ ഡോക്ടർമാർ പരിശോധിച്ചു. പക്ഷേ അവയൊന്നും ചേർന്നില്ല. തുടർന്ന് യുവതിയുടെ രക്ത സാമ്പിളുകൾ തുടർപരിശോധനയ്ക്കായി റോട്ടറി ബംഗളൂരു ടി.ടി.കെ ബ്ളഡ് സെന്ററിലെ അഡ്വാൻസ്ഡ് ഇമ്മ്യൂണോ ഹെമറ്റോളജി റഫറൻസ് ലബോറട്ടറിയിലയച്ചു.
പരിശോധനയിൽ രക്തം മറ്റ് രക്ത സാമ്പിളുകളുമായി യോജിക്കാത്തതാണെന്ന് കണ്ടെത്തി. ഇതിനിടെ രക്തം കയറ്റാതെ തന്നെ യുവതിയുടെ ശസ്ത്രക്രിയ വിജയകരമായി നടത്തി.
വഴിത്തിരിവ്
ഇത് അപൂർവമോ അജ്ഞാതമോ ആയ രക്തഗ്രൂപ്പാകാമെന്ന സംശയം വന്നതോടെ യുവതിയുടെയും കുടുംബാംഗങ്ങളുടെയും ബ്ളഡ് സാമ്പിളുകൾ യു.കെ ബ്രിസ്റ്റലിലെ ഇന്റർനാഷണൽ ബ്ളഡ് ഗ്രൂപ്പ് റഫറൻസ് ലബോറട്ടറിയിലേയ്ക്ക് (ഐ.ബി.ജി.ആർ.എൽ) അയച്ചു. പത്ത് മാസം നടത്തിയ തീവ്ര ഗവേഷണത്തിന്റെയും
തന്മാത്രാ പരിശോധനകളുടെയും ഫലമായി യുവതിയുടേത് ലോകത്തെവിടെയും കണ്ടെത്തിയിട്ടില്ലാത്ത അപൂർവ രക്തഗ്രൂപ്പാണെന്ന് തിരിച്ചറിഞ്ഞു.
ക്രിബ്
ക്രോമർ (സി.ആർ) രക്തഗ്രൂപ്പിൽപ്പെടുന്നതാണ് ഈ രക്തഗ്രൂപ്പെന്ന് കണ്ടെത്തി. പിന്നാലെ രക്തഗ്രൂപ്പിന് ഔദ്യോഗികമായി ക്രിബ് (സി.ആർ.ഐ.ബി) എന്ന് പേര് നൽകി. ക്രോമറിന്റെ 'സിആറും", ഇന്ത്യ ബംഗളൂരു എന്നതിന്റെ 'ഐബി"യും ചേർന്നതാണ് ക്രിബ്. ജൂണിൽ ഇറ്റലിയിൽ നടന്ന ഇന്റർനാഷണൽ സൊസൈറ്റി ഒഫ് ബ്ളഡ് ട്രാൻസ്ഫ്യൂഷന്റെ 35-ാമത് സമ്മേളനത്തിൽ ചരിത്രപരമായ പ്രഖ്യാപനം നടന്നു. ക്രിബ് ആന്റിജനുള്ള ലോകത്തിലെ ആദ്യ വ്യക്തി കർണാടക സ്വദേശിയാണെന്ന് പ്രഖ്യാപിച്ചു. പുതിയ തരം രക്തഗ്രൂപ്പ് ആന്റിജനാണ് കണ്ടെത്തിയതെന്ന് റോട്ടറി ബാംഗ്ലൂർ ടി.ടി.കെ ബ്ലഡ് ഗ്രൂപ്പ് സെന്ററിലെ ഡോ. അങ്കിത് മാഥൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |