ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവച്ച് ആറാഴ്ചയ്ക്കുശേഷം ഔദ്യോഗിക വസതി ഒഴിഞ്ഞ് ജഗ്‌ദീപ് ധൻകർ. സുഹൃത്തായ ഐ.എൻ.എൽ.ഡി നേതാവ് അഭയ് ചൗത്താലയുടെ ഡൽഹി അതിർത്തിയിലുള്ള ഛത്തർപുരിലെ ഫാം ഹൗസിലേക്കാണ് ഇന്നലെ ധൻകർ താമസം മാറിയത്. മുൻ ഉപരാഷ്ട്രപതി എന്ന നിലയിൽ സർക്കാർ അനുവദിക്കുന്ന വസതി ലഭിക്കുന്നതുവരെ ഇവിടെ തുടരും. പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങിയ ജൂലായ് 21ന് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി രാജിവച്ച ധൻകർ അതിന് ശേഷം ഇന്നലെ ആദ്യമായി പുറത്തിറങ്ങി. ധൗളകുവ സേനാ റഫറൽ ആശുപത്രിയിൽ ദന്തിസ്റ്റിനെ കാണാനാണ് പുറത്തിറങ്ങിയത്. വൈകിട്ട് 5 ഓടെ പുതിയ താമസ സ്ഥലത്തേക്ക് പോയി. രാജിവച്ച ശേഷം പൊതുവേദികൾ ഒഴിവാക്കിയ ധൻകർ ആരുമായും ബന്ധപ്പെട്ടിരുന്നില്ല. മുൻ ഉപരാഷ്ട്രപതി വീട്ടുതടങ്കലിലാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ധൻകറിന് ഫാം ഹൗസ് നൽകിയത് അഭയ് ചൗത്താല സ്ഥിരീകരിച്ചു.
രണ്ട് ലക്ഷം
രൂപ പെൻഷൻ
മുൻ ഉപരാഷ്ട്രപതിയെന്ന നിലയിൽ ധൻകർ ടൈപ്പ് -8 ബംഗ്ലാവിനും പ്രതിമാസം രണ്ട് ലക്ഷം രൂപ പെൻഷനും അർഹനാണ്. ഇതിന് പുറമെ രാജസ്ഥാനിലെ മുൻ എം.എൽ.എ എന്ന നിലയിലുള്ള പെൻഷൻ പുനഃസ്ഥാപിക്കാൻ അദ്ദേഹം അപേക്ഷ നൽകിയിട്ടുണ്ട്. ഈ പെൻഷൻ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കപ്പെട്ട 2019ൽ നിലച്ചിരുന്നു. ഇത് പുനഃസ്ഥാപിച്ചാൽ പ്രതിമാസം 42,000 രൂപ ലഭിക്കും. കൂടാതെ ഉപരാഷ്ട്രപതി എന്ന നിലയിൽ ഒരു പഴ്‌സണൽ സെക്രട്ടറി,അഡിഷണൽ പഴ്‌സണൽ സെക്രട്ടറി,പഴ്‌സണൽ അസിസ്റ്റന്റ്,ഡോക്‌ടർ, നഴ്‌സിംഗ് ഓഫീസർ,നാല് പഴ്‌സണൽ അറ്റൻഡന്റ് എന്നിവർ സ്റ്റാഫിലുണ്ടാകും. ഇസഡ്-പ്ലസ് സുരക്ഷയും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |