റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ശാന്തൻ മേത്ത, സുനിൽ റാം എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പലാമുയിൽ നിരോധിത ടി.എസ്.പി.സി അംഗങ്ങളുമായി ഇന്നലെ പുലർച്ചെ 12.30നാണ് ഏറ്റുമുട്ടലുണ്ടായത്.
സമിതി കമാൻഡർ ശശികാന്ത് ഗഞ്ജുവും സംഘവും പ്രദേശത്തെത്തിയതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടൽ.
കേദൽ ഗ്രാമത്തിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപറേഷനെന്ന് പലാമു എസ്.പി) റീഷ്മ രമേശൻ പറഞ്ഞു. രണ്ട് പൊലീസുകാരുടെ മരണത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ദുഃഖം രേഖപ്പെടുത്തി.
അടുത്ത വർഷത്തോടെ മാവോവാദികളെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജാർഖണ്ഡ്, ഛത്തീസ്ഗഡ് സർക്കാരുകൾ അതിശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആയുധം താഴെവച്ച് കീഴടങ്ങുകയല്ലാത്തെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്.ദൗത്യസേനകളുമായുണ്ടായ ഏറ്റുമുട്ടലുകളിൽ മാവോയിസ്റ്റ് സംഘടനയ്ക്ക് വലിയ നാശമാണ് സംഭവിച്ചത്. പ്രധാനപ്പെട്ട നേതാക്കളെ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം മാവോയിസ്റ്റ് സംഘടനകളിലെ 357 പേരെയാണ് സുരക്ഷാസേന ഈ വർഷം ഇതുവരെ കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |