
തിരുവനന്തപുരം: ടെക് ലോകത്ത് പുതുവിപ്ലവം കുറിക്കാൻ 'ഓപ്പറേഷൻ ഗാർലിക്കുമായി" ഓപ്പൺ എ.ഐ. ഗൂഗിളിന്റെ നിർമ്മിതബുദ്ധി മോഡലായ ജെമിനി-3ന് ആഗോളതലത്തിൽ ലഭിക്കുന്ന സ്വീകാര്യതയെ വെല്ലുന്നതിനാണ് പുതിയ ലാംഗ്വേജ് മോഡൽ ഓപ്പൺ എ.ഐ പുറത്തിറക്കുന്നത്. രോഗങ്ങളെ പ്രതിരോധിക്കുന്ന വെളുത്തുള്ളിയെപ്പോലെ നിലവിലുള്ള എ.ഐ മോഡലുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുത്ത് പുത്തൻ സേവനങ്ങൾ നൽകുന്നതിനാണ് 'ഗാർലിക്ക്" മോഡൽ. അതിവേഗത്തിൽ ചിത്രങ്ങൾ, വീഡിയോകൾ എന്നിവ നൽകുന്ന ഗൂഗിൾ ജെമിനി വന്നതോടെ ചാറ്റ് ജിപിടിയുടെ പ്രതിദിന ഉപഭോക്താക്കൾ കുറഞ്ഞു. 3ഡി ചിത്രങ്ങൾ നിർമ്മിക്കുന്ന ഗൂഗിളിന്റെ നാനോയ്ക്കും സമൂഹ മാദ്ധ്യമങ്ങളിൽ വലിയ പ്രചാരമാണ് ലഭിച്ചത്. നിലവിലുള്ള ചാറ്റ് ജി.പി.ടി 4.5ന്റെ അപ്ഡേറ്റഡ് മോഡലായി ജി.പി.ടി-5 എന്ന പേരിൽ ഗാർലിക്ക് മോഡലിനെ അവതരിപ്പിക്കും. 2026 തുടക്കത്തോടെ ഗാർലിക്ക് പുറത്തിറങ്ങുമെന്നാണ് സൂചന. ഉപഭോക്താക്കൾ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് കുറഞ്ഞസമയം കൊണ്ട് വേഗതയിൽ ചിത്രങ്ങളും ഓഡിയോയും വീഡിയോകളും കൃത്യതയോടെ സൃഷ്ടിക്കാൻ ഗാർലിക്കിനാകും.
കമ്പനിയിൽ 'കോഡ് റെഡ്'
ജെമിനിയുടെ ഉപയോഗം വർദ്ധിച്ചതോടെ ഓപ്പൺ എ.ഐയിൽ 'കോഡ് റെഡ്" പ്രഖ്യാപിച്ചിരിക്കുകയാണ് സി.ഇ.ഒ സാം ആൾട്മാൻ. മറ്റ് പ്രോജക്ടുകൾ ഒഴിവാക്കി പുതിയ മോഡൽ വികസിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിക്കണമെന്നാണ് ജീവനക്കാർക്കുള്ള നിർദ്ദേശം. മൂന്ന് വർഷം മുൻപ് ചാറ്റ് ജി.പി.ടി പുറത്തിറങ്ങിയപ്പോൾ ഗൂഗിളും ഇത്തരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ചാറ്റ് ജിപിടിയോട് ഉപഭോക്താക്കൾ കുടുംബപ്രശ്നങ്ങൾ അടക്കം പങ്കുവയ്ക്കുന്നതോടെ സ്വകാര്യത വെല്ലുവിളിയാകുന്നതായി സാങ്കേതിക വിദഗ്ദ്ധർ പറയുന്നു. ഉപഭോക്താക്കൾ നൽകുന്ന വ്യക്തിവിവരങ്ങൾ ജിപിടി ലാംഗ്വേജ് മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുകയാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.
ഗാർലിക്ക് മോഡൽ
മെച്ചപ്പെട്ട വേഗത
കൂടുതൽ കൃത്യതയോടെ ചിത്രങ്ങളും വീഡിയോകളും ലഭിക്കും
ചാറ്റ് ജിപിടി- 17 ദശലക്ഷം പ്രതിദിന ഉപഭോക്താക്കൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |