
കോൺഗ്രസിനും എൻ.സി.പിയ്ക്കും ഒപ്പമുണ്ടാവില്ല
ന്യൂഡൽഹി: ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യത്തിനെതിരെ ജനുവരിയിൽ നടക്കുന്ന മഹാരാഷ്‌ട്ര കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയും രാജ് താക്കറെയുടെ മഹാരാഷ‌്‌ട്ര നവനിർമ്മാൺ സേനയും(എം.എൻ.എസ്) കൈകോർക്കും. നിരവധി റൗണ്ട് ചർച്ചകൾക്ക് ശേഷം ഇരുവരും വാർത്താ സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്. കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്,എൻ.സി.പി പാർട്ടികൾക്കൊപ്പം ശിവസേന മഹാവികാസ് അഘാഡിയിലുണ്ടാകില്ലെന്ന് വ്യക്തമായി.
ഉദ്ധവ് താക്കറെയുടെ പിതാവ് ബാൽ താക്കറെയുടെ സഹോദരൻ ശ്രീകാന്ത താക്കറെയുടെ പുത്രനാണ് രാജ് താക്കറെ. ഉദ്ധവിനെ പിൻഗാമിയായി പ്രഖ്യാപിക്കാനുള്ള ബാൽ താക്കറെയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് 2005ൽ ശിവസേന വിട്ട് മഹാരാഷ്‌ട്ര നവ നിർമ്മാണ സേന രൂപീകരിച്ചത്. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ പിളർന്നതോടെ ഔദ്യോഗിക പദവി നഷ്‌ടമായ ശിവസേന (ഉദ്ധവ്) വിഭാഗത്തിന് എം.എൻ.എസുമായുള്ള സഖ്യം ഗുണം ചെയ്‌തേക്കും. ദീർഘകാലം അകൽച്ചയിലായിരുന്ന ഉദ്ധവും രാജും ജൂലായിൽ ഒരു വേദി പങ്കിട്ട് അടുപ്പത്തിന്റെ സൂചന നൽകിയിരുന്നു. അന്നു മുതൽ നടന്നുവന്ന ചർച്ചകൾക്കൊടുവിലാണ് ഇന്നലത്തെ പ്രഖ്യാപനം. സീറ്റ് പങ്കിടൽ അടക്കം ധാരണകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 145-150 സീറ്റുകളിൽ ശിവസേനയും 65-70 സീറ്റുകളിൽ എം.എൻ.എസും മത്സരിക്കുമെന്ന് സൂചനയുണ്ട്.
ഭിന്നിച്ചാൽ
ശക്തി കുറയും
ഭിന്നിച്ചുനിന്നത് തെറ്റായെന്ന് രണ്ടുപേരും പത്രസമ്മേളനത്തിൽ സമ്മതിച്ചു. ഭിന്നിച്ചാൽ ശക്തി കുറയുമെന്നും ഏതൊരു തർക്കത്തേക്കാളും പോരാട്ടത്തേക്കാളും വലുതാണ് മഹാരാഷ്ട്രയെന്ന് തിരിച്ചറിഞ്ഞാണ് ഒന്നിച്ചതെന്നും അവർ പറഞ്ഞു. ജനുവരി 15ന് നടക്കുന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ശേഷം ഒരു മറാഠിക്കാരൻ മുംബയ് മേയർ ആകുമെന്നും അത് സേന-എം.എൻ.എസ് സഖ്യത്തിന്റെ സ്ഥാനാർത്ഥിയായിരിക്കുമെന്ന രാജ പറഞ്ഞു. പ്രഖ്യാപനങ്ങൾക്ക് മുമ്പ് ഉദ്ധവും രാജും കുടുംബങ്ങളോടൊപ്പം ശിവാജി പാർക്കിലെ ബാൽ താക്കറെ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ഉദ്ധവിന്റെ ഭാര്യ രശ്‌മി താക്കറെ, മകൻ ആദിത്യ താക്കറെ, രാജിന്റെ ഭാര്യ ഷർമ്മിള താക്കറെ, മകൻ അമിത് താക്കറെ എന്നിവരും ഒപ്പമുണ്ടായിരുന്നു. രാജ് താക്കറെ നേരത്തെ ഉദ്ധവ് രാജിന്റെ ദാദറിലെ വീട്ടിലെത്തി ബാൽ താക്കറെയുടെ വിധവ കുന്ദ താക്കറെയെ കണ്ട് അനുഗ്രഹം തേടി.
മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്നുള്ളവർ മറാത്തി ജനതയുടെ തോളിൽ കയറി നൃത്തം ചെയ്യുകയാണ്. ഡൽഹിയിലുള്ള രണ്ടുപേർ മുംബയുടെ പ്രതിരോധം തകർക്കാൻ ശ്രമിക്കുകയാണ്. മുംബയെ വേർപെടുത്താൻ ശ്രമിക്കുന്നവരെ രാഷ്ട്രീയമായി നേരിടാനാണ് ഒന്നിച്ചത്.
- രാജ് താക്കറെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |