
ന്യൂഡൽഹി: യാത്രയ്ക്കിടെ രണ്ട് സെക്കൻഡിൽ കൂടുതൽ ഡ്രൈവറിന്റെ കണ്ണടഞ്ഞാൽ ഉണർത്താൻ വാഹനം ചെറുതായൊന്ന് കുലുങ്ങും. കണ്ണുകൾ തുറന്നില്ലെങ്കിൽ രണ്ടുതവണ കൂടി വിറയ്‌ക്കും. എന്നിട്ടും ഉറക്കമൂഡിലാണെങ്കിൽ വശത്ത് ഓട്ടോമാറ്റിക്കായി പാർക്കുചെയ്യും. നിർമിതബുദ്ധി (എ.ഐ) ഉപയോഗിച്ചുള്ള ഡ്രൈവർ ആൻഡ് ഒക്കുപെന്റ് മോണിറ്ററിംഗ് സിസ്റ്റം (ഡോംസ്) സാങ്കേതികവിദ്യയാണ് രക്ഷാകവചമാകുന്നത്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെള്ളിയാഴ്ച വരെ നടക്കുന്ന എ.ഐ ഉച്ചകോടിയോട് അനുബന്ധിച്ച് ഒരുക്കിയ എക്‌സ്‌പോയിലാണ് ഹരിയാന ഗുരുഗ്രാമിലെ വി.വി.ഡി.എൻ ടെക്നോളജീസ് കമ്പനി ഈസംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ നിയന്ത്രിത സംവിധാനത്തിലെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, അൽഗോരിതം ഇന്റഗ്രേഷൻ, മെക്കാനിക്കൽ ഡിസൈൻ,വാഹനവും സെർവറുമായുമുള്ള ആശയവിനിമയം എന്നിവ കമ്പനി വികസിപ്പിച്ചു. എ.ഐ എങ്ങനെ റോഡ് സുരക്ഷയ്‌ക്ക് മുതൽക്കൂട്ടാകുമെന്ന് കമ്പനി ഉദ്യോഗസ്ഥർ വിശദീകരിക്കും. ഡ്രൈവറെ നിരീക്ഷിക്കുന്ന ക്യാമറ വാഹനത്തിലുണ്ടാകും. ഡ്രൈവറുടെ ശ്രദ്ധ, ക്ഷീണിതനാണോ തുടങ്ങിയവ ഡോംസ് നിരീക്ഷിച്ചുകൊണ്ടേയിരിക്കും. ഡ്രൈവറുടെയും അദ്ദേഹത്തിന്റെ കണ്ണുകളുടെയും ചലനം, മൊബൈൽ ഫോൺ ഉപയോഗം എന്നിവയ്‌ക്കുപുറമെ സീറ്റ് ബെൽറ്റും നിരീക്ഷണത്തിലായിരിക്കും. അടിയന്തരസാഹചര്യങ്ങളിൽ വാഹനം പാർക്ക് ചെയ്യണമോ തുടങ്ങി വെഹിക്കിൾ സേഫ്റ്റി ഇന്റലിജൻസ് ക്ഷണനേരത്തിൽ തീരുമാനമെടുക്കും. വാഹനം അനിയന്ത്രിതമായ വേഗത്തിലാണെങ്കിൽ മുന്നറിയിപ്പ് നൽകും. എ.ഐ പവേർഡ് ഓട്ടോമോട്ടീവ് എക്‌സ്‌പീരിയൻസ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
കേരളവുമായി
'അടിപൊളി' ബന്ധം
പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ആദ്യ എ.ഐ സെർവർ 'അടിപൊളി' ഇവരുടേതാണ്. വി.വി.ഡി.എൻ ടെക്നോളജീസിന്റെ കൊച്ചി ഇൻഫോ പാർക്കിലെ ഓഫീസിലാണ് സെർവറിന്റെ 80 ശതമാനം ജോലിയും നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |