
നടപ്പാക്കിയത് തിര. വാഗ്ദാനമെന്ന് ആരോപണം
ഹൈദരാബാദ്: തെലങ്കാനയിൽ ഒരാഴ്ചയ്ക്കിടെ 500 ഓളം തെരുവുനായ്ക്കളെ വിഷം ഉള്ളിൽചെന്ന് ചത്തനിലയിൽ കണ്ടെത്തി.
ഇതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനായി കൂട്ടക്കൊല ചെയ്‌തതാണെന്ന് ആരോപണമുയർന്നു. കാമറെഡ്ഡി ജില്ലയിലെ ഭവാനിപേട്ട്, പൽവഞ്ച, ഫരീദ്‌പേട്ട്, വാഡി, ബന്ദരാമേശ്വരപ്പള്ളി എന്നീ ഗ്രാമങ്ങളിലായി നായ്ക്കളെ വിഷം കുത്തിവച്ച് കൊന്നൊടുക്കിയതാണെന്ന് മൃഗസ്‌നേഹികൾ ഉൾപ്പെടെ ആരോപിക്കുന്നു. സംഭവത്തിൽ മൃഗസംരക്ഷണ പ്രവർത്തകനായ അദുലാപുരം ഗൗതം പൊലീസിൽ പരാതി നൽകി. നായ്ക്കളെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണ്. പഞ്ചായത്തിൽ പുതിയതായി അധികാരമേറ്റ ഭരണസമിതിയുടെ നിർദ്ദേശ പ്രകാരമാണ് കൂട്ടക്കൊല ചെയ്തതെന്നും പരാതിയിൽ പറയുന്നു. ആറുപേർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. നാല് പേർക്കെതിരെ കേസെടുത്തു. 200 നായ്ക്കളെ കൊന്ന കേസിൽ കാമറെഡ്ഡി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുഴിച്ചിട്ട നിലവധി നായ്ക്കളുടെ ജഡം പോസ്റ്റുമോർട്ടം നടപടികൾക്കായി വീണ്ടെടുത്തു. കൊല്ലാനുപയോഗിച്ച വിഷത്തെകുറിച്ചും അന്വേഷണം ആരംഭിച്ചു. തെരുവുനായ, കുരങ്ങ് ശല്യം ഇല്ലാതാക്കുമെന്നത്
ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഈ മാസം ആദ്യവും 300ഓളം നായ്ക്കളെ കൊന്നൊടുക്കിയിരുന്നു. ഇതിൽ വനിതാ പഞ്ചായത്തംഗങ്ങളുൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |