
ന്യൂഡൽഹി: നിയമസഭകളെ ഫലപ്രദവും ജനപക്ഷീയവും ഉത്തരവാദിത്വമുള്ളതുമാക്കി മാറ്റുന്നതിനായി 'ദേശീയ ലെജിസ്ലേറ്റീവ് സൂചിക' തയ്യാറാക്കുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. ലക്‌നൗവിൽ 86-ാമത് നിയമസഭാ സ്‌പീക്കർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭകളിൽ പ്രതിവർഷം കുറഞ്ഞത് 30 സിറ്റിംഗുകൾ ഉറപ്പാക്കണണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നിയമസഭാ സൂചിക വഴി നിയമസഭകൾക്കിടയിൽ ആരോഗ്യകരമായ മത്സരം സുഗമമാക്കാനും ചർച്ചകളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കാനും കഴിയുമെന്ന് സ്‌പീക്കർ പറഞ്ഞു. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ജനങ്ങളുടെ അഭിലാഷങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള ഫലപ്രദമായ വേദിയായി മാറ്റാൻ സംസ്ഥാന നിയമസഭകളിൽ പ്രതിവർഷം കുറഞ്ഞത് 30 സിറ്റിംഗുകൾ ഉറപ്പാക്കണമെന്ന് ബിർള പറഞ്ഞു. സഭ എത്രത്തോളം പ്രവർത്തിക്കുന്നുവോ അത്രത്തോളം ഫലപ്രാപ്തിയുള്ള ചർച്ചകൾ സാദ്ധ്യമാകും.
ഈമാസം തുടങ്ങുന്ന പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിൽ സഭയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് സമാപന സമ്മേളനത്തിൽ ഓം ബിർള അഭ്യർത്ഥിച്ചു. സഭയിൽ തുടർച്ചയായി ആസൂത്രിതമായ തടസ്സങ്ങളും അസ്വസ്ഥതകളും ഉണ്ടാകുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തിന് അനുയോജ്യമല്ല. തടസ്സങ്ങൾ വഴി ഏറ്റവും വലിയ നഷ്ടം പൗരന്മാർക്കാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |