
മഹുവക്കെതിരായ കേസിൽ ഡൽഹി ഹൈക്കോടതി
കുറ്റപത്രം സമർപ്പിക്കാൻ സി.ബി.ഐയ്‌ക്ക് അനുമതി നൽകണമോയെന്നത് തീരുമാനിക്കണം
ന്യൂഡൽഹി: ചോദ്യക്കോഴക്കേസിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്രക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ സി.ബി.ഐയ്‌ക്ക് അനുമതി നൽകണമോയെന്നത് ലോക്പാൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കണം. കൂടുതൽ സമയം തേടി ലോക്പാൽ സമർപ്പിച്ച അപേക്ഷയിലാണ് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. കൂടുതൽ സമയം ഇനി ആവശ്യപ്പെടരുതെന്ന് ജസ്റ്റിസുമാരായ അനിൽ ക്ഷേതർപാൽ, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ നവംബറിൽ ലോക്പാൽ സി.ബി.ഐയ്‌ക്ക് അനുമതി നൽകിയിരുന്നെങ്കിലും ഹൈക്കോടതി ഈ നടപടി റദ്ദാക്കിയിരുന്നു. തന്റെ ഭാഗം കേട്ടില്ലെന്നും തെളിവുകൾ ലോക്‌പാൽ പരിശോധിച്ചില്ലെന്നുമുള്ള മഹുവയുടെ ഹർജിയിലായിരുന്നു ഡിസംബർ 19ലെ നടപടി. പുതുതായി പരിശോധിച്ച് ഒരുമാസത്തിനകം തീരുമാനമെടുക്കാനും ഉത്തരവിട്ടിരുന്നു. സമയപരിധി അവസാനിക്കാനിരിക്കെ, തീരുമാനമെടുക്കാൻ കൂടുതൽ സമയം ലോക്പാൽ ആവശ്യപ്പെടുകയായിരുന്നു. വ്യവസായിയും സുഹൃത്തുമായ ദർശൻ ഹീരാനന്ദാനിയിൽ നിന്ന് പണവും സമ്മാനങ്ങളും വാങ്ങി പാർലമെന്റിൽ ചോദ്യമുന്നയിച്ചെന്ന ആരോപണമാണ് തൃണമൂൽ എം.പി നേരിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |