
ദിബ്രുഗഡ് : സന്തോഷ്ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് ബിയിൽ കേരളം ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിൽ റെയിൽവേയ്സിനെ നേരിടും. രാവിലെ 9 മണിക്ക് സിലാപത്തർ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിൽ പഞ്ചാബിനെ 3-1ന് തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ന് കേരളം ബൂട്ടുകെട്ടുന്നത്. റെയിൽവേയ്സ് ആദ്യ കളിയിൽ സർവീസസിനോട് 1-1ന് സമനിലയിൽ പിരിയുകയായിരുന്നു. ഗ്രൂപ്പ് ബിയിൽ മൂന്ന് പോയിന്റുമായി കേരളമാണ് ഒന്നാമത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒഡിഷയെ 1-0ത്തിന് തോൽപ്പിച്ച മേഘാലയയാണ് ഇത്രതന്നെ പോയിന്റുമായി രണ്ടാം സ്ഥാനത്ത്. റെയിൽവേയ്സ് ഒരു പോയിന്റുമായി മൂന്നാമതാണ്.
പഞ്ചാബിനെതിരെ ആദ്യ കുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കേരളം തിരിച്ചടിച്ച് ജയിച്ചത്. ഇരട്ട ഗോളുകൾ നേടിയ മുഹമ്മദ് അജ്സലും ഒരു ഗോളടിച്ച എം.മനോജുമാണ് വിജയം നൽകിയത്. മുഹമ്മദ് സിനാൻ,ഷിജിൻ,വിഗ്നേഷ് തുടങ്ങിയവരുടെ പ്രകടനവും കേരളത്തിന് കരുത്ത് നൽകുന്നു.
റെയിൽവേയ്സിനെതിരെയും വിജയം തുടരാനായാൽ നോക്കൗട്ട് ഘട്ടത്തിലേക്ക് സമ്മർദ്ദം കൂടാതെ കടക്കാമെന്ന പ്രതീക്ഷയിലാണ് കേരള ടീം ചീഫ് കോച്ച് ഷെഫീഖ് ഹസനും അസിസ്റ്റന്റ് കോച്ച് എബിൻ റോസും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |