
ന്യൂതന സാങ്കേതികവിദ്യയുടെയും കാലാതീതമായ പാരമ്പര്യങ്ങളുടെയും നാടാണ് ജപ്പാൻ. ഇപ്പോഴിതാ രാജ്യത്ത് പ്രണയവും പ്രണയ ബന്ധങ്ങളും കുറഞ്ഞുവരുന്നുവെന്നാണ് റിപ്പോർട്ട്. യുവാക്കൾ ഡേറ്റിംഗ് നടത്തുന്നത് കുറവാണ്. ഭൂരിഭാഗംപേരും വൈകിയാണ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഇതിനെല്ലാം പുറമേ അടുത്തിടെ നടത്തിയ ഒരു സർവേഫലം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.
പ്രെസിയ എന്ന ജാപ്പനീസ് മാച്ച് മേക്കിംഗ് കമ്പനി 2026 ജനുവരിയിൽ നടത്തിയ സർവേയാണിത്. 20നും 59നും ഇടയിൽ പ്രായമുള്ള 287 വിവാഹിതരായ സ്‌ത്രീകളോട് ഒരു ചോദ്യം ചോദിച്ചു. നിങ്ങളുടെ ഭർത്താവിനെ വിവാഹം കഴിച്ചതിൽ ഖേദമുണ്ടോ? എന്നായിരുന്നു അത്. 'അതെ' എന്നാണ് 70 ശതമാനംപേരും ഉത്തരം നൽകിയത്. ഇത് വെറുമൊരു ഉത്തരമല്ല, മറിച്ച് നിശബ്‌ദമായ നിരാശകളുടെ തുറന്നുകാട്ടലാണ്. ടൈം ട്രാവൽ ചെയ്‌ത് പുറകിലേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് 54 ശതമാനം സ്‌ത്രീകളും പറയുന്നത്. അങ്ങനെ കഴിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഭർത്താവിനെ വിവാഹം കഴിക്കില്ലായിരുന്നു എന്നാണ് അവർ പറഞ്ഞത്.
പണമാണ് ഇതിന്റെയെല്ലാം അടിസ്ഥാന കാരണമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 22.6 ശതമാനം സ്‌ത്രീകളും പറയുന്നത് അവരുടെ ഭർത്താവിന് പ്രതീക്ഷിച്ചത്രയും വരുമാനം ഇല്ലായെന്നാണ്. 14.6 ശതമാനം സ്‌ത്രീകളുടെ പ്രശ്‌നം ഭർത്താവ് ശരിയായ രീതിയിൽ പണം ഉപയോഗിക്കുന്നില്ല എന്നാണ്. ഈ ലോകത്ത്, സാമ്പത്തിക സ്ഥിരത ആഡംബരമല്ല അത് അടിസ്ഥാന ആവശ്യമാണെന്നാണ് ഈ സർവേയിൽ പറയുന്നത്. ബാക്കി 11.1 ശതമാനം സ്‌ത്രീകളുടെ പ്രശ്‌നം വീട്ടുജോലികളിൽ വേണ്ടത്ര സഹായിക്കുന്നില്ല എന്നാണ്. പരസ്‌പര ബഹുമാനം ഇല്ലായ്‌മ തുടങ്ങിയ പ്രശ്‌നങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ, ഭർത്താവിന്റെ സൗന്ദര്യത്തിന്റെ കാര്യത്തിൽ കുറ്റബോധമില്ലെന്നാണ് ഭൂരിഭാഗംപേരും പറഞ്ഞിരിക്കുന്നത്.
പക്ഷേ, ഈ പഠനത്തെ മുൻനിർത്തി രാജ്യത്തെ മുഴുവൻപേരുടെയും അവസ്ഥ ഇതാണെന്ന് പറയാൻ സാധിക്കില്ല. ജപ്പാനിൽ ഇപ്പോഴും നന്നായി പ്രണയിക്കുന്നവരുണ്ട്. പങ്കാളിത്തവും സാമ്പത്തിക സുരക്ഷയുമില്ലാതെ പ്രണയത്തിന് അതിജീവിക്കാൻ കഴിയില്ലെന്നാണ് ഈ പഠനം തെളിയിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |