
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ 23 കോടി രൂപ നഷ്‌ടപ്പെട്ട ഡൽഹി സ്വദേശിയായ 82കാരൻ സുപ്രീംകോടതിയെ സമീപിച്ചു. ബാങ്കുകളുടെ ഭാഗത്തുനിന്ന് വൻ അലംഭാവമുണ്ടാകുന്നത് തട്ടിപ്പുക്കാർക്ക് വളമാകുന്നുവെന്ന് മുൻ ബാങ്ക് ഉദ്യോഗസ്ഥൻ കൂടിയായ നരേഷ് മൽഹോത്ര ചൂണ്ടിക്കാട്ടി. തട്ടിപ്പുക്കാർ ഉപയോഗിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തണം. ഇക്കാര്യം ബാങ്കുകളോട് ആവശ്യപ്പെടാൻ റിസർവ് ബാങ്കിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ, റിസർവ് ബാങ്ക്, സി.ബി.ഐ തുടങ്ങിയ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. വിദ്യാഭ്യാസവും ജീവിത പരിചയവുമുള്ള മുതിർന്ന പൗരന്മാർ പോലും തട്ടിപ്പിനിരയാകുന്നതിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആശങ്ക രേഖപ്പെടുത്തി. ഒരു ഫോൺകോൾ വരുമ്പോൾ തന്നെ തട്ടിപ്പുക്കാർ പറയുന്നത് അതേപടി അനുസരിക്കുന്നു. മുതിർന്നവരുടെ ഇത്തരം പെരുമാറ്റം ഞെട്ടിക്കുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പു പ്രശ്‌നത്തിൽ സ്വമേധയാ എടുത്ത കേസിനൊപ്പം 82കാരന്റെ ഹർജിയും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |