SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

വൈറലായി ഗ്വാളിയാർ രാജാവിന്റെ 130 വർഷം പഴക്കമുള്ള ഭക്ഷണ മെനു

Increase Font Size Decrease Font Size Print Page

g

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ താരമായി ഗ്വാളിയാർ രാജാവിന്റെ 130 വർഷം പഴക്കമുള്ള ഭക്ഷണ മെനു. ചരിത്രക്കാരി നേഹ വെർമാനി തന്റെ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ച ചിത്രമാണ് വൈറലായത്. 1879 ജനുവരി 31ന് ബറോഡ മഹാരാജാവ് ഗ്വാളിയാർ മഹാരാജാവിനായി ഒരുക്കിയ അത്താഴവിരുന്നിന്റെ മെനുവാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് ഗുജറാത്തിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തിൽ നടന്ന വിരുന്നിൽ ഫ്രഞ്ച് പാചകരീതിയുടെയും ഇന്ത്യൻ രാജകീയതയുടെയും തനിമ ഒത്തുചേർന്ന വിഭവങ്ങളാണ് വിളമ്പിയത്. 130 വർഷം പഴക്കമുള്ള ഈ മെനു ഒരു യുഗത്തിന്റെ പാചകചരിത്രത്തെ അടയാളപ്പെടുത്തുന്നു. ഇയോട്ടേജ് ഡി'അമാൻഡെസ് അഥവാ ബദാം കസ്റ്റാർഡ്, പോയിസൺ ബ്രെയ്സ് സോസ് മയോണൈസ്, ക്രീം ഡി വോളൈൽ ട്രഫിൾസ്, കോട്ടെലെറ്റ്സ് ഡി മോട്ടൺ അ ലിതായൻ, സെല്ലെ ഡി പെർഡ്രൂ റോട്ടി ഓക്സ് പെറ്റിറ്റ്സ് പോയിസ് തുടങ്ങി നിരവധി വിഭവങ്ങളാണ് മെനുവിൽ അടങ്ങിയിരുന്നത്.

ദക്ഷിണേന്ത്യൻ മുഗൾ ചരിത്രത്തിൽ വൈദഗ്ദ്ധ്യം നേടിയ നേഹ പുരാതന രേഖകൾ പരിശോധിക്കുന്നതിനിടയാണ് ഈ മെനു ലഭിച്ചത്. തുടർന്ന് ഇതിന്റെ ചിത്രം എക്സിൽ പങ്കുവച്ച നേഹ 'പത്തൊൻപതാം നൂറ്റാണ്ടിൽ ബറോഡ മഹാരാജാവ് ഗ്വാളിയാർ മഹാരാജാവിനായി ഒരുക്കിയ വിരുന്നിന്റെ മെനു ഇങ്ങനെയായിരിക്കുമെന്ന് നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കില്ല, ട്രഫിൾസിനും ആർട്ടികോക്സിനുമൊപ്പം നിരവധിഫ്രഞ്ച് വിഭവങ്ങളും വിളമ്പിയിട്ടുണ്ട്'. 19ാം നൂറ്റാണ്ടിൽ നടത്തിയിരുന്ന ഇത്തരം രാജകീയ വിരുന്നുകൾ രാഷ്ട്ര തന്ത്രങ്ങളുടെയും സാംസ്‌കാരിക വിനിമയത്തിന്റെയും വേദികൾ കൂടിയായിരുന്നു. ഏറെ പുരോഗമന ചിന്താഗതി കൈവരിച്ച അന്നത്തെ ബറോഡയിലെ ഗെയ്ക്വാദ് മഹാരാജാക്കന്മാർ ഭക്ഷണത്തിൽ നിരവധി ഫ്രഞ്ച് വിഭവങ്ങളും ഉൾപ്പെടുത്തിയിരുന്നു. 'കൺസോം' (തെളിഞ്ഞ സൂപ്പ്), ആസ്പിക് തുടങ്ങിയവ അതിൽ പ്രധാനമായിരുന്നു. അതേസമയം,മസാലകൾ ചേർത്ത പുലാവുകൾ അടക്കം നിരവധി മധുരപലഹാരങ്ങളും ഉൾപ്പെടുത്തിയിരുന്നു. കേവലം ഭക്ഷണങ്ങളിൽ മാത്രമല്ല അത് കഴിക്കുന്ന രീതിയിലും ബ്രിട്ടീഷ് ശൈലി അവർ പിന്തുടർന്നിരുന്നു. വലിയ തീൻ മേശകളും വെള്ളിപാത്രങ്ങളും അലങ്കരിച്ച ക്രിസ്റ്റൽ ഗ്ലാസുകളും ഉദാഹരണങ്ങളാണ്. ചരിത്രത്തിന്റെ ഇത്തരം അവശേഷിപ്പുകൾ കടന്നുപോയ ഒരു യുഗത്തെയാണ് ഓർമപ്പെടുത്തുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY