ന്യൂഡൽഹി: കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഹകരണമുണ്ടാക്കുന്ന കാര്യത്തിൽ ഭിന്നത നിലനിൽക്കുന്നതിനാൽ, അടുത്ത പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയവുമായി ബന്ധപ്പെട്ട് സി.പി.എം പോളിറ്റ് ബ്യൂറോയിൽ ചർച്ച തുടരും. ഇതിനായി അടുത്ത മാസം വീണ്ടും പിബി ചേരും. പൊളിറ്റ് ബ്യൂറോയുടെ കരട് രാഷ്ട്രീയപ്രമേയം ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയാണ് അംഗീകരിക്കേണ്ടത്.
തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഹകരിക്കുന്നതിൽ കേരളഘടകമാണ് എതിർപ്പുയർത്തുന്നത്. ബംഗാൾ ഘടകം കോൺഗ്രസ് സഖ്യത്തിന് അനുകൂലമാണ്. തർക്കം നിലനിന്നാൽ അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതു പാർട്ടികൾ ഒറ്റയ്ക്ക് മത്സരിക്കും. ആവശ്യമെങ്കിൽ പ്രാദേശിക പാർട്ടികളുമായി മാത്രമായിരിക്കും സഖ്യം..
പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് ലിറ്ററിന് പത്തു രൂപയും എക്സൈസ് നികുതി കുറച്ച കേന്ദ്രസർക്കാർ നടപടി ജനങ്ങളുടെ കണ്ണിൽപൊടിയിടുന്നതാണെന്ന് പിബി വിലയിരുത്തി. ഇന്ധനങ്ങൾക്കുമേലുള്ള അധിക സെസും സർചാർജ്ജും പിൻവലിക്കണം. . ഗോഡൗണുകളിൽ കെട്ടിക്കിടന്ന് ചീത്തയാകുന്ന ഭക്ഷ്യധാന്യങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി നൽകണം. അസാം, ത്രിപുര സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ ആശങ്കയുണ്ടാക്കുന്നു. യു.പിയിൽ മുസ്ളീംങ്ങൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ദുരുപയോഗം ചെയ്യുന്നു. ഗുഡ്ഗാവിൽ പ്രാർത്ഥനയ്ക്കുള്ള മൗലികാവകാശം പോലും നിഷേധിക്കപ്പെട്ടു. . കർഷക സമരം ഒരു വർഷം പിന്നിടുന്ന നവംബർ 26ന് സംയുക്ത കിസാൻ മോർച്ച സംഘടിപ്പിക്കുന്ന സമരപരിപാടികൾക്ക് പി.ബി പിന്തുണ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |