ന്യൂഡൽഹി: പി.എം ഗതിശക്തിയുടെ ഭാഗമായി ആഗോള വ്യവസായങ്ങളെ ഇന്ത്യയിലെത്തിക്കാൻ 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ചുള്ള പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കേന്ദ്രസർക്കാർ പദ്ധതി. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ കാലതാമസം ഒഴിവാക്കാനും പാഴ്ചെലവുകൾ നിയന്ത്രിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി 1.2 ട്രില്യൻ ഡോളറിന്റെ മെഗാ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ഇതിലൂടെ ചൈനയിൽ നിന്നുള്ള നിരവധി വ്യവസായങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ കഴിയും.വളരെ വേഗത്തിൽ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും ഉല്പാദന കേന്ദ്രമായി ആഗോള കമ്പനികൾ ഇന്ത്യയെ തിരഞ്ഞെടുക്കണമെന്നും വാണിജ്യ,വ്യവസായ മന്ത്രാലയത്തിലെ ലോജിസ്റ്റിക്സ് സ്പെഷ്യൽ സെക്രട്ടറി അമൃത് ലാൽ മീണ പറഞ്ഞു. അടച്ചിട്ട അന്തരീക്ഷമുള്ള ചൈനയിൽ നിന്നും കമ്പനികൾ ഇന്ത്യയിലേക്ക് വരുമെന്ന് സർക്കാർ കരുതുന്നു. മനുഷ്യവിഭവ സമ്പത്തുള്ള ഇന്ത്യയോട് വിദേശ കമ്പനികളുടെ താല്പര്യം അനുകൂല ഘടകമാണ്. വികസന പദ്ധതികൾക്ക് തടസമാകുന്ന ഉദ്യോഗസ്ഥതല നടപടികൾ ഇല്ലാതാക്കുമെന്നും ഗതിശക്തി പദ്ധതികളിലെ ഭൂമിയേറ്റെടുക്കൽ,വനം - പരിസ്ഥിതി അനുമതികളിൽ കുരുങ്ങി കിടക്കുന്നത് പരിഹരിക്കാൻ നടപടി വരുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |