ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ സൈനിക തിരിച്ചടിയിൽ 80 ഭീകരവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയത്. നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ് (ജെഎം), ലഷ്‌കർഇതൊയ്ബ (എൽഇടി) എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് അതിർത്തി കടന്നുള്ള ആക്രമണം ഇന്ത്യ നടത്തിയത്. ആക്രമണത്തിൽ ഭീകരരുടെ ഒളിത്താവളങ്ങൾ തകർന്നെന്നാണ് റിപ്പോർട്ട്.
ജെയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രങ്ങളായ ബഹവൽപൂരിലും മുരിദ്‌കെയിലുമാണ് ഏറ്റവും വലിയ രണ്ട് ആക്രമണങ്ങൾ നടത്തിയത്. ഓരോ കേന്ദ്രങ്ങളിലും 25 മുതൽ 30 ഭീകരവാദികൾ കൊല്ലപ്പെട്ടെന്നാണ് വിവരം. മുരിദ്‌കെയിൽ, ലഷ്‌കർ ഇ തൊയ്ബയുടെ നാഡീ കേന്ദ്രവും ആസ്ഥാനവുമായ മസ്ജിദ് വാ മർകസ് തൈബയായിരുന്നു ലക്ഷ്യം. പാകിസ്ഥാന്റെ 'ഭീകര നഴ്സറി' എന്ന് പണ്ടേ കണക്കാക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നു ഇത്.
എത്ര ഭീകരർ കൊല്ലപ്പെട്ടെന്നതിനെക്കുറിച്ച് ഇന്റലിജൻസ് ഏജൻസികൾ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമിക വിലയിരുത്തലുകളിൽ 80 മുതൽ 90 ഭീകരർ കൊല്ലപ്പെട്ടെന്നാണ് സൂചന. ഐക്യരാഷ്ട്രസഭയുടെ ഉപരോധം പ്രകാരം ഭീകര സംഘടനകളായി പ്രഖ്യാപിക്കപ്പെട്ട ജെയ്‌ഷെ മുഹമ്മദും ലഷ്‌കർ ഇ തൊയ്ബയും നടത്തുന്ന ലോഞ്ച് പാഡുകൾ, പരിശീലന ക്യാമ്പുകൾ, റാഡിക്കലൈസേഷൻ കേന്ദ്രങ്ങൾ എന്നിവയാണ് ഇന്ത്യ സൈനിക ആക്രമണത്തിൽ തകർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |