രണ്ട് പാക് പൈലറ്റുമാർ പിടിയിൽ
50 പാക് ഡ്രോണും 8 മിസൈലും തകർത്തു
ലാഹോറിലും ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും ഇന്ത്യൻ വ്യോമാക്രമണം
കറാച്ചി തുറമുഖം തകർത്ത് ഐ.എൻ.എസ് വിക്രാന്ത്
ബോംബ് സ്ഫോടനം, പാക് പ്രധാനമന്ത്രി രഹസ്യകേന്ദ്രത്തിൽ
ന്യൂഡൽഹി: വ്യോമ പ്രതിരോധമുൾപ്പെടെ തകർത്ത് നട്ടെല്ലൊടിച്ചിട്ടും പഠിക്കാത്ത പാകിസ്ഥാൻ ഇന്നലെ രാത്രി ജമ്മുവിൽ വ്യോമാക്രമണം നടത്തി ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ചു. പാക് തലസ്ഥാനമായ ഇസ്ളാമാബാദിലുൾപ്പെടെ കനത്ത തിരിച്ചടി നൽകുകയാണ്. തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങി. കര, വ്യോമ, നാവിക സേനകളുടെ ആക്രമണം പാകിസ്ഥാനിലാകെ രാത്രി വൈകിയും തുടർന്നു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്ക് 20 കിലോമീറ്റർ അടുത്ത് ബോംബ് സ്ഫോടനം ഉണ്ടായി. തുടർന്ന് ഷെരീഫിനെ ഔദ്യോഗിക വസതിയിൽ നിന്ന് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. പാക് മന്ത്രിമാരും സേനാ മേധാവിയും രഹസ്യകേന്ദ്രത്തിലാണ്.
അതിർത്തി കടന്ന പാകിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങളും അൻപതിലേറെ ഡ്രോണുകളും എട്ട് മിസൈലുകളും വെടിവച്ചിട്ടു. എഫ്-16, ജെ.എഫ്-17 വിമാനങ്ങളാണ് തകർത്തത്. രണ്ട് പാക് പൈലറ്റുമാരെ പിടികൂടി. രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നും ജമ്മുവിലെ അഖ്നൂരിൽ നിന്നുമാണ് പിടിയിലായത്.
ഒൻപത് മണിയോടെ ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങൾ പാക് ലക്ഷ്യങ്ങൾ തകർക്കാനായി പറന്നുയർന്നു. ലാഹോറിലും റാവൽപിണ്ടിയിലും കറാച്ചിയിലും സിയാൽകോട്ടിലും വ്യോമാക്രമണം നടത്തി. നാവികസേനയുടെ ആക്രമണത്തിൽ കറാച്ചി തുറമുഖം തകർന്നതായാണ് വിവരം. ഐ.എൻ.എസ് വിക്രാന്തിൽ നിന്നാണ് മിസൈലുകൾ വർഷിച്ചത്.
അടച്ചിട്ടിരിക്കുന്ന ജമ്മു വിമാനത്താവളമുൾപ്പെടെ ലക്ഷ്യമിട്ടാണ് ഇന്നലെ രാത്രി 8 മണിയോടെ ഡ്രോണുകളും എട്ട് മിസൈലുകളും എത്തിയത്. മുൻകരുതലായി ജമ്മുവിലും അതിർത്തി മേഖലകളായ രാജസ്ഥാനിലെ ബിക്കനീർ, പഞ്ചാബിലെ ജലന്ധർ എന്നിവിടങ്ങളിലും ലൈറ്റുകളണച്ച് ബ്ലാക്ക് ഔട്ടാക്കി. സാംബ, അഗ്നൂർ ഉൾപ്പെടെ ജമ്മു കാശ്‌മീരിലും പഞ്ചാബിലെ പത്താൻകോട്ടും പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഡ്രോൺ ആക്രമണം തിരിച്ചറിഞ്ഞയുടൻ ജമ്മുവിൽ സൈറൺ മുഴക്കി ജനത്തെ ജാഗരൂകരാക്കി.
ഇന്നലെ വെളുപ്പിനാണ് ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ ആദ്യം മുതിർന്നത്. ജമ്മുകാശ്മീർ, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിലേക്ക് മിസൈലും ഡ്രോണും അയയ്ക്കുകയായിരുന്നു. എന്നാൽ, ഇന്ത്യൻ മണ്ണിലെത്തും മുൻപ് റഷ്യൻ നിർമ്മിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനമുപയോഗിച്ച് തകർത്തു. പാക് മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്‌ടങ്ങൾ സേന ശേഖരിച്ചുവരികയാണ്.
അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തർലായ്, ഭുജ് എന്നിവയുൾപ്പെടെ ഇന്ത്യൻ കേന്ദ്രങ്ങൾ തകർക്കാനായിരുന്നു പാക് ശ്രമം.
പാകിസ്ഥാൻ വിറച്ചു
പ്രകോപനത്തിന് മാരക പ്രഹരമായിരുന്നു ഇന്ത്യൻ മറുപടി. ഹാർപി, ഹാരോപ്, നാഗാസ്ത്ര- 1 ഡ്രോണുകളുടെ ആക്രമണത്തിൽ ലാഹോർ വിറച്ചു. ചൈന നൽകിയ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയവും ആക്രമണത്തിൽ തകർന്നെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ഡ്രോണുകൾ പാകിസ്ഥാൻ വെടിവച്ചിട്ടെന്നും പ്രചാരണമുണ്ടായി. എന്നാൽ, സ്ഫോടനം നടത്തി തകരുന്ന നാഗാസ്ത്ര ചാവേർ ഡ്രോണിന്റെ അവശിഷ്ടത്തെയാണ് തകർത്തെന്ന് പ്രചരിപ്പിച്ചത്.
രാജ്യത്തിന്റെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സംഘർഷം വർദ്ധിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ തകർത്തെന്ന് കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേയ് 7ലെ ഓപ്പറേഷൻ സിന്ദൂരിൽ 100 ഭീകരർ കൊല്ലപ്പെട്ടെന്നും സ്ഥിരീകരിച്ചു.
16 ഗ്രാമീണർക്ക്
ജീവഹാനി
ജമ്മു കാശ്മീർ അതിർത്തിയിൽ മോർട്ടാറുകളും പീരങ്കികളും ഉപയോഗിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ 16 നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യ തിരിച്ചടിച്ചിട്ടുണ്ട്
പഹൽഗാം ആക്രമണത്തിന് മറുപടിയാണ് ഇന്ത്യ കഴിഞ്ഞ ദിവസം നൽകിയതെന്നും സാഹസത്തിന് മുതിർന്നാൽ പാകിസ്ഥാനെ തകർക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
ഭീകര കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ട ഓപ്പറേഷൻ സിന്ദൂർ കൃത്യമായിരുന്നു. ഇതിന് പാകിസ്ഥാൻ നൽകുന്ന വ്യാഖ്യാനങ്ങൾ നേരുമായി പൊരുത്തപ്പെടുന്നില്ല. പൂഞ്ചിൽ അവർ ഗുരുദ്വാര അടക്കം തകർത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |