ന്യൂഡൽഹി:രാജ്യസുരക്ഷയ്‌ക്ക് ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. കുഴപ്പങ്ങളുണ്ടാക്കുന്ന ശക്തികൾക്കെതിരെ രാജ്യം ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ് ? രാജ്യസുരക്ഷയെ ബലികൊടുക്കാൻ കഴിയില്ല. വിട്ടുവീഴ്ചയും പറ്റില്ല. ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആരെ നിരീക്ഷിക്കുന്നുവെന്നതാണ് പ്രധാനമെന്ന് കോടതി പറഞ്ഞു.
ഇസ്രയേൽ ചാര സോഫ്‌റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾ, റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജി, ആക്‌ടിവിസ്റ്റുകൾ, മാദ്ധ്യമപ്രവർത്തകർ, അഭിഭാഷകർ തുടങ്ങി നിരവധി പേരുടെ ഫോൺ ചോർത്തിയെന്ന ആരാേപണം പാർലമെന്റിലടക്കം വൻകോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിലെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഭീകരർക്ക് സ്വകാര്യത എന്ന മൗലികാവകാശം ആവശ്യപ്പെടാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. സ്വകാര്യ, സിവിൽ വ്യക്തികൾക്ക് സ്വകാര്യത എന്ന മൗലികാവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പ്രതികരിച്ചു. അവരുടെ പരാതി പരിശോധിക്കുമെന്നും വ്യക്തമാക്കി. ജൂലായ് 30ന് വീണ്ടും പരിഗണിക്കും.
ഫോൺചാേർത്തൽ റിപ്പോർട്ട്
പരസ്യമാക്കില്ല; ചർച്ചയ്ക്കുള്ളതല്ല
#പെഗാസസ് ഫോൺ ചോർത്തൽ അന്വേഷിച്ച റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജി ആർ.വി. രവീന്ദ്രൻ അദ്ധ്യക്ഷനായ സമിതി 2022ൽ മുദ്രവച്ച കവറിൽ സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഈ റിപ്പോർട്ട് പരസ്യമാക്കാൻ അനുമതി നൽകില്ലെന്ന് കോടതി വ്യക്തമാക്കി.
# രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും പരസ്യമാക്കില്ല. തെരുവിൽ ചർച്ച ചെയ്യുന്ന സാഹചര്യം അനുവദിക്കില്ല. പക്ഷെ, ഇരകളായ വ്യക്തികളെ അക്കാര്യം അറിയിക്കുന്നതിന് തടസമില്ല. അവരുടെ ആശങ്ക കോടതി പരിഗണിക്കും.
#ഇസ്രയേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന NSO ഗ്രൂപ്പാണ് പെഗസസിന്റെ നിർമ്മാതാക്കൾ. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ദ്ധസമിതി അന്വേഷിച്ചത്. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ. റാം, സി.പി.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്, എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യ തുടങ്ങിയവർ സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലായിരുന്നു നടപടി. പെഗാസസ് വാങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് കേന്ദ്രം വ്യക്തമാക്കുന്നില്ലെന്ന് ഹർജിക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |