ഒന്നിലധികം വരുമാനമാർഗം തേടുന്നവരാണ് ഇന്ന് ഭൂരിഭാഗവും. ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളം കൊണ്ടുമാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. മാത്രമല്ല, ദൈനംദിന ചെലവുകളും അവശ്യസാധനങ്ങളുടെ വിലവദ്ധനവും ഓരോരുത്തരെയും ഇതിന് നിർബന്ധിക്കുന്നു. ഇന്ത്യയിലെ മാത്രമല്ല, പല വിദേശരാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഇത്തരത്തിൽ അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലെ അമ്മമാർ ചെയ്യുന്ന പുതിയ ബിസിനസാണ് ലോകമെമ്പാടും ശ്രദ്ധയാകർഷിക്കുന്നത്. അവർ തങ്ങളുടെ മുലപ്പാൽ സംഭരിച്ച് ഓൺലൈനായി വിൽപ്പന നടത്തിയാണ് വൻ തുക സമ്പാദിക്കുന്നത്.
ഇതിനെ തമാശയായോ നിസാരമായോ തള്ളിക്കളയാനാകില്ല. മറ്റ് അമ്മമാർക്ക് മാത്രമല്ല, ബോഡി ബിൽഡർമാർക്ക് പോലും വിൽപ്പന നടത്തുകയാണ്. ഒരു ദിവസം 1000 ഡോളറിൽ കൂടുതൽ അതായത് 86,628 രൂപയിലധം പണം സമ്പാദിക്കുന്നുണ്ട്. മുലപ്പാൽ കുടിക്കുന്നതിലൂടെ ശരീരഘടന മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് ബോഡി ബിൽഡർമാർ വിശ്വസിക്കുന്നത്.
മുലപ്പാൽ ബിസിനസ്
യുഎസിലെ അറ്റ്ലാന്റയിൽ നിന്നുള്ള 31കാരിയായ നഴ്‌സ് കെയ്‌റ വില്യംസ് തന്റെ മുലപ്പാൽ വിൽക്കുന്നുണ്ട്. ഇതുവരെ 103 ലിറ്ററിലധികം മുലപ്പാൽ അവർ വിറ്റു. ഒരു ദിവസം 800 ഡോളർ അതായത് 69,302 രൂപയാണ് അവരുടെ വരുമാനം. ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലൂടെ ആവശ്യക്കാരെ തേടിയാണ് അവർ വിൽപ്പന നടത്തുന്നത്. എന്നാൽ കെയ്‌റ ഒറ്റയ്‌ക്കല്ല, മിനിസോട്ടയിൽ നിന്നുള്ള 33കാരിയായ എമിലി എംഗറും മുലപ്പാൽ ബിസിനസിൽ സജീവമാണ്. മുലയൂട്ടലിന്റെ ഗുണങ്ങൾ അറിഞ്ഞതോടെയാണ് ഇത് വിൽക്കാൻ തീരുമാനിച്ചതെന്ന് എമിലി പറയുന്നു. എമിലിക്ക് ഒരു ദിവസം 1000 ഡോളറിലധികം (86,773.39 രൂപ) സമ്പാദിക്കാൻ കഴിയുന്നുണ്ട്.
'ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് ശേഖരിച്ച് ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്ന മുലപ്പാൽ കുഞ്ഞിന്റെ ആവശ്യം കഴിഞ്ഞും ബാക്കിയുണ്ടായിരുന്നു. അങ്ങനെയാണ് ആർക്കെങ്കിലും നൽകാമെന്ന് കരുതിയത്. പിന്നീട് ചിന്തിച്ചപ്പോൾ കടയിൽ പോയി ഫോർമുല മിൽക്ക് വാങ്ങാൻ പണമാകും. അതുപോലെ നിങ്ങൾക്ക് മുലപ്പാൽ എന്തുകൊണ്ട് പണം നൽകി വാങ്ങിക്കൂടേ എന്ന് തോന്നി. അങ്ങനെയാണ് പണം വാങ്ങി വിൽക്കാൻ തുടങ്ങിയത്. എന്റെ ജോലിക്ക് ശമ്പളം വളരെ കുറവായിരുന്നു. ഇപ്പോൾ ഈ ബിസിനസിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് എന്റെ കുഞ്ഞിനെ നല്ല രീതിയിൽ നോക്കാൻ കഴിയുന്നുണ്ട്' - എമിലി പറഞ്ഞു. കൂടുതൽ സമയവും വീട്ടിൽ ചെലവഴിക്കാം, കുറഞ്ഞ ശമ്പളത്തിന് വേണ്ടി ജോലിക്ക് പോകേണ്ട കാര്യമില്ല എന്നാണ് മറ്റൊരു യുവതി പറഞ്ഞത്.
യഥാർത്ഥ കാരണം
'മേക്ക് അമേരിക്ക ഹെൽത്തി എഗെയ്ൻ' റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് യുഎസിലെ ബേബി ഫോർമുലയെക്കുറിച്ച് ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യം കണക്കിലെടുത്താണ് അമ്മമാർ യഥാർത്ഥ മുലപ്പാൽ തന്നെ നൽകണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നത്. ടിക് ടോക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും, 'മുലപ്പാലാണ് ഏറ്റവും നല്ലത്' എന്ന തരത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. അതിൽ എല്ലാവരും മുലപ്പാലിന്റെ ഗുണങ്ങൾ ചൂണ്ടിക്കാട്ടി.
ഇത് മുലപ്പാൽ ഇല്ലാത്ത അമ്മമാരിലും ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന അമ്മമാരിലും സമ്മർദം ചെലുത്തി. തുടർന്നാണ് മുലപ്പാലിന് ആവശ്യക്കാരേറിയത്. ഇത്തരത്തിലൊരു ബിസിനസ് തന്നെ ആരംഭിക്കാനുള്ള യഥാർത്ഥ കാരണവും ഇതുതന്നെയാണ്. നിലവിൽ മുലപ്പാൽ വാങ്ങാനായി പല കുടുംബങ്ങളും ഒരു മാസം 1200 ഡോളർ ( 1,04,195.28 രൂപ) ചെലവഴിക്കുന്നു എന്നാണ് വിവരം. അമ്മയുടെ മുലപ്പാലിനേക്കാൾ ഗുണം മറ്റൊന്നിനും നൽകാനാവില്ല എന്നതിനാൽ തന്നെ ഈ ബിസിനസ് വരുംകാലങ്ങളിലും മെച്ചപ്പെടാൻ തന്നെയാണ് സാദ്ധ്യത.
ആവശ്യക്കാർ
ബോഡി ബിൽഡർമാരിൽ നിന്നാണ് ആവശ്യക്കാരേറെയും വരുന്നത്. അവർ ഇതിനെ സൂപ്പർ ഫുഡ് ആയിട്ടാണ് കണക്കാക്കുന്നത്. മസിൽ പമ്പ് ചെയ്യാൻ മുലപ്പാൻ കുടിക്കുന്നത് അനുയോജ്യമാണെന്ന് ഇവർ കരുതുന്നു. പോഷകസമൃദ്ധമായതിനാൽ, ശരീരത്തിന് മുലപ്പാൽ ഗുണം നൽകുമെന്നാണ് ന്യൂട്രീഷനിസ്റ്റുകളും പറയുന്നത്. കുഞ്ഞിനെ വേഗത്തിൽ വളരാൻ സഹായിക്കുന്നതാണ് മുലപ്പാൽ. അതിനാൽ അതേ ഫലം തന്നെ മുതിർന്നവരിലും ഇത് നൽകുന്നു.
ആശങ്കകൾ
ഇത്തരത്തിൽ അധികമായി പാൽ പമ്പ് ചെയ്യുന്നത് സ്‌ത്രീകൾക്ക് ദോഷമുണ്ടാക്കുമെന്ന അഭിപ്രായം ഉന്നയിച്ച് നിരവധി മെഡിക്കൽ വിദഗ്ദ്ധർ രംഗത്തെത്തി. വിൽക്കാൻ വേണ്ടി അധിക മുലപ്പാൽ പമ്പ് ചെയ്യുന്നത് അമ്മയ്ക്കും കുഞ്ഞിനും ദോഷകരമാകുമെന്ന് ലാക്റ്റേഷൻ കൺസൾട്ടന്റായ റേച്ചൽ വാട്സൺ മുന്നറിയിപ്പ് നൽകി. ഇത് സ്‌ത്രീകളുടെ ശരീരത്തിൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കും. കൊഴുപ്പ്, കലോറി, സൂക്ഷ്മ പോഷകങ്ങൾ എന്നിവയുടെ അളവ് അമ്മമാരുടെ ശരീരത്തിൽ കുറയാനും കാരണമാകും. മാത്രമല്ല, ഓൺലൈനിൽ വിൽക്കുന്ന മുലപ്പാലിൽ രോഗകാരികളായ ബാക്ടീരിയകൾ ഉണ്ടെന്നും വാട്‌സൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |