ന്യൂഡൽഹി: ഹിന്ദുക്കളെ മതം മാറ്റുന്നവരെ മർദിക്കുന്നത് തുടരുമെന്ന് ഛത്തീസ്ഗഡിലെ ബജ്രംഗ് ദൾ നേതാവ് ജ്യോതി ശർമ പറഞ്ഞു. താൻ എല്ലാവരെയും മർദിച്ചിട്ടില്ലെന്നും മതപരിവർത്തനം നടത്താൻ ശ്രമിച്ചവരെയാണ് ഉപദ്രവിച്ചതെന്നും അവരെ ഇനിയും തല്ലുമെന്നും ജ്യോതി ശർമ വ്യക്തമാക്കി. ആധാർ കാർഡിലെ പേര്, നെറ്റിയിൽ സിന്ദൂരം ഇവയൊക്കെ കണ്ടാണ് മതപരിവർത്തനം നടന്നതായി ഉറപ്പിച്ചതെന്നും അവർ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റിലായിരുന്നു ജ്യോതി ശർമയുടെ പ്രതികരണം.
'ഇവരെ തടയുകയെന്നത് പൊലീസിന്റെ മാത്രമല്ല ഹിന്ദു ധർമ പ്രവർത്തകരുടെ കൂടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. അതിന്റെ എല്ലാ തെളിവും ഞങ്ങളുടെ കെെയിലുണ്ട്. ഹിന്ദുക്കളെ തട്ടിക്കൊണ്ട് പോയി മതം മാറ്റുന്നവരെ ഇനിയും മർദിക്കും. ഞാനും പ്രവർത്തകരുമാണ് പരാതി നൽകിയത്. സ്റ്റേഷനിൽവച്ച് ഞാൻ ആരെയും മർദിച്ചിട്ടില്ല. സ്റ്റേഷനിൽ ഹലെലൂയ വിളിച്ച് അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ തടയുന്നത് തുടരും. ഞാൻ ഒരു പാർട്ടിയുടെയും ഭാഗമല്ല'- ജ്യോതി ശർമ പറഞ്ഞു.
ദുർഗ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം നടന്നത്. തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഒരു സംഘം ആളുകളുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. കന്യാസ്ത്രീകൾ മനുഷ്യക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ആളുകൾ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ സഹായത്തിനായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇവിടെ പെൺകുട്ടികൾ കന്യാസ്ത്രീകളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പെൺകുട്ടികളുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റില്ലായിരുന്നു.
തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാൻ കന്യാസ്ത്രീകൾ എത്തുന്നുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞത്. എന്നാൽ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടർന്ന് പ്രാദേശിക പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. മനുഷ്യക്കടത്താണ് നടക്കുന്നതെന്നും പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോവുകയാണെന്നും ആളുകൾ ആരോപിക്കുകയായിരുന്നു. ഇതോടെ റെയിൽവേ സ്റ്റേഷനിൽ വലിയ പ്രതിഷേധം ഉണ്ടായി. പിന്നാലെ കന്യാസ്ത്രീകളെയും പെൺകുട്ടികളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |