ന്യൂഡൽഹി: സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി പദത്തിൽ തൽക്കാലം ആർക്കും ചുമതലയില്ല. പകരം സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോർഡിനേറ്ററായി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ നിയമിക്കാൻ ഇന്ന് ഡൽഹിയിൽ ചേർന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. 24-ാം പാർട്ടി കോൺഗ്രസ് വരെയാണ് നിയമനം. സ്ഥിരം ജനറൽ സെക്രട്ടറിയെ പാർട്ടി കോൺഗ്രസിൽ തിരഞ്ഞെടുക്കാമെന്ന നിലപാട് പല അംഗങ്ങളും പിബിയിലും കേന്ദ്രകമ്മിറ്റിയിലും എടുത്തു.
ഏപ്രിലിൽ തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും. അതുവരെയുള്ള ദെെനംദിന കാര്യങ്ങളുടെയും പാർട്ടി കോൺഗ്രസിനാവശ്യമായ സംഘടന തയ്യാറെടുപ്പുകളുടെയും ചുമതല പി ബി അംഗങ്ങളുൾപ്പെട്ട താൽക്കാലിക സംവിധാനത്തിനായിരിക്കും. പി ബി അംഗങ്ങളുടെ മേൽനോട്ടച്ചുമതലയാണ് പ്രകാശ് കാരാട്ടിന് നൽകിയിരിക്കുന്നത്.
ഏപ്രിൽ രണ്ടു മുതൽ ആറു വരെ മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ മൂന്നു ടേം പൂർത്തിയാക്കി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാനിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ ആകസ്മികമായ നിര്യാണം. പ്രകാശ് കാരാട്ടിനോ വൃന്ദാ കാരാട്ടിനോ ആക്ടിംഗ് ജനറൽ സെക്രട്ടറി എന്ന ചുമതല നൽകാൻ സാദ്ധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം, സംഘടനാരേഖ എന്നിവയുടെ പ്രാരംഭചർച്ചകളും ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കുന്ന കേന്ദ്രകമ്മിറ്റിയിൽ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |