
പുതിയ ആശയം സ്വീകരിക്കാൻ തയ്യാർ
ന്യൂഡൽഹി: ദൈവമല്ല, ഞാൻ വെറും മനുഷ്യൻ. തെറ്ര് പറ്റിയിട്ടുണ്ടാകും. പക്ഷേ, ദുരുദ്ദ്യേശത്തോടെ ഒന്നും ചെയ്‌തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി മനസ്സു തുറന്നു.
രണ്ടു മണിക്കൂർ നീണ്ട തന്റെ ആദ്യ പോഡ്കാസ്റ്റിലാണ് (ഇന്റർനെറ്റ് അഭിമുഖ പരമ്പര) മോദി കുട്ടിക്കാലം മുതലുള്ള ജീവിതാനുഭവങ്ങൾ, രാഷ്ട്രീയ പ്രവേശം, ഇന്ത്യയെ ലോകത്തിന്റെ മുൻനിരയിലേക്ക് നയിച്ച പാടവം എന്നിവയൊക്കെ പങ്കുവച്ചത്.
സാമ്പത്തിക സർവീസ് കമ്പനിയായ സിറോധായുടെ സഹസ്ഥാപകൻ നിഖിൽ കാമ്മത്താണ് അഭിമുഖം നടത്തിയത്. സരസ സംഭാഷണം രണ്ടു മണിക്കൂർ നീണ്ടു.
രാഷ്ട്രീയ ജീവിതത്തിൽ തനിക്കായി ഒന്നും ചെയ്‌തിട്ടില്ല. ഭരണ കാര്യത്തിനാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. കാര്യങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ടീമിനെ എങ്ങനെ തയ്യാറാക്കുന്നു എന്നതിലാണ് വിജയം. നല്ല വ്യക്തികൾ രാഷ്ട്രീയത്തിലേക്ക് വരണം.
പഴയ ആശയങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാണ്. 'രാഷ്ട്രം ആദ്യം' എന്ന പ്രത്യയശാസ്ത്രവുമായി ഒത്തുപോകുന്ന നൂതന ആശയങ്ങൾ സ്വീകരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയപ്രസംഗം നടത്താറുണ്ട്. തനിക്കതിൽ താത്പര്യമില്ല, പക്ഷെ നിർബന്ധിതനാണ്. കംഫർട്ട് സോണിൽ ഇരുന്നിട്ടില്ലെന്നും മോദി പറഞ്ഞു.
വേദനയായി ഗോധ്ര കലാപം
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയുണ്ടായ ഗോധ്ര കലാപം അതീവ വേദനയുണ്ടാക്കി. ജീവിതത്തിലെ വലിയ വെല്ലുവിളിയായിരുന്നു. മൃതദേഹങ്ങൾ കിടത്തിയിരിക്കുന്ന വേദനാജനകമായ രംഗങ്ങൾ കണ്ടു. താനിരിക്കുന്ന പദവിയെ കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നതിനാൽ വികാരമടക്കാൻ പരമാവധി ശ്രമിച്ചു. സംഭവമുണ്ടാകുമ്പോൾ എം.എൽ.എ ആയിട്ട് മൂന്നു ദിവസമേ ആയിരുന്നുള്ളൂ. (മുഖ്യമന്ത്രിയായി നാലു മാസത്തിന് ശേഷമാണ് മോദി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്).
ലോകം ഇന്ത്യയ്ക്കായി കാക്കുന്നു
ലോകം ഇന്ത്യയെ വിശ്വസിക്കുന്നു. ഇരട്ടത്താപ്പില്ലാത്തതാണ് കാരണം. സമാധാനത്തിനൊപ്പമാണ് നമ്മൾ. റഷ്യ, യുക്രെയിൻ, ഇറാൻ, പാലസ്‌തീൻ, ഇസ്രയേൽ രാജ്യങ്ങളോട് ഈ നിലപാടാണ് അറിയിച്ചത്. 2005ൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ യു.എസ് വിസ നിഷേധിക്കപ്പെട്ടു. രാജ്യം അപമാനിക്കപ്പെട്ടെന്നാണ് എനിക്ക് തോന്നിയത്. അന്ന് ഞാൻ പറഞ്ഞിരുന്നു ലോകം ഇന്ത്യൻ വിസയ്‌ക്കായി കാത്തുനിൽക്കുന്ന കാലം വരുമെന്ന്. 2025ൽ എത്തിയപ്പോൾ ഞാനത് കാണുന്നുണ്ട്. ഇത് ഇന്ത്യയുടെ സമയമാണ്.
ജിജ്ഞാസ കൈമുതൽ
സ്‌കൂളിൽ ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു. പക്ഷെ മറ്റു പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എന്നും ജിജ്ഞാസ സൂക്ഷിച്ചു. പണമില്ലാത്തതു കാരണം സൈനിക് സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാൻ അച്‌ഛൻ സമ്മതിച്ചില്ല. ഭക്ഷണത്തിൽ പ്രത്യേക നിഷ്‌ക്കർഷയില്ല. അത് വിദേശ സന്ദർശനങ്ങളിൽ ഉപകാരമായിട്ടുണ്ട്. പ്രധാനമന്ത്രി പദത്തിലിരിക്കുന്നതിനാൽ റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |