ന്യൂഡൽഹി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവർണർക്കാണെന്നതിൽ രണ്ടഭിപ്രായമില്ലെന്ന് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വ്യക്തമാക്കി. വി.സി നിയമനങ്ങളിൽ അടക്കം സംസ്ഥാന സർക്കാർ ഇടപെടൽ വേണ്ടെന്ന മുൻഗാമി ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകൾക്ക് സമാനമാണിത്.
വി.സി നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി കരടിനെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയതിന്പിന്നാലെയാണ് പുതിയ ഗവർണർ നിലപാട് വ്യക്തമാക്കിയത്.
യു.ജി.സിയുടെ നിലപാട് വരുന്നതിനുമുൻപേ കോടതികൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അർലേക്കർ ചൂണ്ടിക്കാട്ടി.
ഭരണഘടനയും സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചുമതല ഗവർണർക്കാണ് നൽകിയത്. അവർ ചുമതലകൾ നിർവഹിക്കുന്നുമുണ്ട്. വിദ്യാഭ്യാസ മേഖല സ്വതന്ത്രമാകണം. ഇക്കാര്യത്തിൽ ആർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സർക്കാരും ജനങ്ങളും മികച്ചതാണെന്നും തനിക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനാകുമെന്നും ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു. മുൻ ഗവർണർ മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്ന് പറയാനും മടിച്ചില്ല. കേരള ഗവർണർ ആയശേഷം ആദ്യമായി ഡൽഹിയിലെത്തിയ അർലേക്കർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയുണ്ട്. ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. വി.സി നിയമനം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരുമായും സി.പി.എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയുമായും നിരന്തരംപോരിലായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. പുതിയ ഗവർണറുമായി നല്ല ബന്ധം ആഗ്രഹിക്കുമ്പോഴും ചില വിഷയങ്ങളിൽ ഗവർണർ വിട്ടുവീഴ്ച ചെയ്യണമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. എന്നാൽ വിദ്യാഭ്യാസ മേഖലയിലെ സർക്കാർ നിയന്ത്രണത്തിന് എതിരാണെന്ന് വ്യക്തമാക്കുകയാണ് ഗവർണർ.
വി.സി നിയമനം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരുമായും സി.പി.എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയുമായും നിരന്തരം പോരിലായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. പുതിയ ഗവർണറുമായി നല്ല ബന്ധം ആഗ്രഹിക്കുമ്പോഴും ചില വിഷയങ്ങളിൽ വിട്ടുവീഴ്ച വേണമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. എന്നാൽ വിദ്യാഭ്യാസ മേഖലയിലെ സർക്കാർ നിയന്ത്രണത്തിന് എതിരാണെന്ന് വ്യക്തമാക്കുകയാണ് ഗവർണർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |