ലണ്ടന്‍: ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നിനെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ടെസ്ല മോട്ടോഴ്‌സ് ഉടമയായ ഇലോണ്‍ മസ്‌ക്. ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണമില്ലെങ്കിലും മകന്റെ ആഗ്രഹത്തെക്കുറിച്ച് മസ്‌കിന്റെ പിതാവ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് ആരാധകരുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിന്റെ ഉടമയാകാന്‍ ഒരുങ്ങുകയാണ് മസ്‌ക്. അതേസമയം, ക്ലബ്ബിന്റെ ഉടമസ്ഥര്‍ ഇക്കാര്യം നിഷേധിച്ച് രംഗത്ത് വന്നിരുന്നു.
എലോണ്‍ മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌ക് ഒരു അഭിമുഖത്തിലാണ് ലിവര്‍പൂള്‍ ക്ലബ്ബിനെ സ്വന്തമാക്കാനുള്ള മകന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. അമേരിക്കന്‍ വന്‍കിടകമ്പനിയായ ഫെന്‍വെ സ്പോര്‍ട്സ് ഗ്രൂപ്പാണ് ലിവര്‍പൂളിന്റെ മുഖ്യഓഹരിയുടമകള്‍. 2010-ലാണ് ഗ്രൂപ്പ് ക്ലബ്ബിനെ സ്വന്തമാക്കിയത്. ലിവര്‍പൂള്‍ എഫ്.സിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കണമെങ്കില്‍ ഇന്ത്യന്‍ രൂപയായ 44,645 കോടിയാണ് ഇലോണ്‍ മസ്‌ക് ചെലവാക്കേണ്ടി വരിക.
2024ലെ കണക്കനുസരിച്ച് ലിവര്‍പൂള്‍ ക്ലബ്ബിന്റെ മൂല്യം 44,645 കോടി രൂപയാണ്. മസ്‌കിന് എല്‍എഫ്‌സിയെ സ്വന്തമാക്കണമെങ്കില്‍ ഇതില്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും. കാരണം വില കുതിച്ചുയരും എന്നത് തന്നെയാണ്. 2010-ല്‍ ഫെന്‍വെ ക്ലബ്ബിനെ വാങ്ങിയത് ഏകദേശം 3000 കോടി രൂപ ചെലവാക്കിയാണ്. പത്തുവര്‍ഷംകൊണ്ട് ലിവര്‍പൂള്‍ എഫ്. സിയുടെ മൂല്യം പതിനഞ്ചിരട്ടി വര്‍ദ്ധിച്ചു. ജോണ്‍ ഹെന്റിയാണ് നിലവില്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരുടെ ഉടമകളിലെ പ്രമുഖന്‍. 1892 ജൂണ് മൂന്നിന് ആണ് ലിവര്‍പൂള്‍ എഫ്.സി സ്ഥാപിതമായത്. വിഖ്യാതമായ ആന്‍ഫീല്‍ഡ് ആണ് ടീമിന്റെ ഹോംഗ്രൗണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |