
ന്യൂഡൽഹി:നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവർക്ക് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കണോയെന്ന് രൂക്ഷമായ ചോദ്യവുമായി സുപ്രീംകോടതി. റോഹിങ്ക്യൻ അഭയാർത്ഥികളെ കാണാതാകുന്നു എന്ന് ആരോപിച്ച് നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഇങ്ങനെ ചോദിച്ചത്.
'റോഹിങ്ക്യകൾ അഭയാർത്ഥികളാണെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ഉത്തരവെവിടെ? അഭയാർത്ഥികൾ എന്നത് നിർവചിക്കപ്പെട്ട ഒരു പദമാണ്. ഒരു അഭയാർത്ഥിക്ക് നിയമപരമായ പദവി ഇല്ലെങ്കിൽ, അയാൾ ഒരു നുഴഞ്ഞുകയറ്റക്കാരനാണെങ്കിൽ അയാൾ രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിച്ചാൽ ആ വ്യക്തിയെ ഇവിടെ നിലനിർത്താൻ നമുക്ക് ബാദ്ധ്യതയുണ്ടോ?' ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. നുഴഞ്ഞുകയറുന്നവരെ തിരികെ അയക്കുന്നതിൽ തെറ്റ് എന്താണെന്നും കോടതി ചോദിച്ചു.
'ആദ്യം നിങ്ങൾ അതിർത്തി നിയമവിരുദ്ധമായി കടക്കുന്നു.അതിനുശേഷം നിങ്ങൾ പറയുകയാണ് നിങ്ങളുടെ നിയമം ഞങ്ങൾക്കും ബാധകമാണെന്ന്. നമ്മൾ നിയമത്തെ ഇത്ര വലിച്ചുനീട്ടേണ്ടതുണ്ടോ?' കോടതി ചോദിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ത്യയ്‌ക്ക് വളരെ സെൻസിറ്റീവായ അതിർത്തിയുണ്ടെന്നും നിയമവിരുദ്ധമായി ആളുകൾ ഇവിടെ പ്രവേശിച്ചാൽ അവരെ നിലനിർത്താൻ ബാദ്ധ്യതയുണ്ടോ എന്നും കോടതി ചോദ്യമുന്നയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജിയെത്തന്നെ ചോദ്യംചെയ്‌തു.റോഹിങ്ക്യകളുമായി യാതൊരു ബന്ധവുമില്ലാത്ത പൊതുതാൽപര്യ ഹർജിക്കാരനാണ് ഹേബിയസ് കോർപസ് ഹർജിയുമായെത്തിയതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ബംഗ്ളാദേശിന്റെ അതിർത്തി പങ്കിടുന്ന പശ്ചിമബംഗാൾ, ത്രിപുര, അസം സംസ്ഥാനങ്ങളിലൂടെയാണ് റൊഹിങ്ക്യകൾ ഇന്ത്യയിലെത്തുന്നത്. നിയമപ്രകാരം മാത്രം അവരെ നാടുകടത്തണം എന്നതാണ് ഹർജി കൊണ്ട് ഉദ്ദേശിച്ചതെന്ന് ഹേബിയസ് കോർപസ് സമർപ്പിച്ചയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |