
ധാക്ക: ക്രിക്കറ്റിൽ ഇന്ത്യയുമായുള്ള പ്രശ്‌നത്തിന് പിന്നാലെ ട്വന്റി20 ലോകകപ്പിൽ നിന്നും ബംഗ്ളാദേശിനെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ നീക്കിയിരുന്നു. ഇതിനിടെ ബംഗ്ളാദേശിൽ തിരഞ്ഞെടുപ്പ് നടന്നു. ബംഗ്ളാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) താരിഖ് റഹ്‌മാന്റെ നേതൃത്വത്തിൽ അധികാരമേറ്റു. പുതുതായി സത്യപ്രതിജ്ഞ ചെയ്‌ത കായികമന്ത്രി അമിനുൾ ഹഖ് ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയാണ് എന്ന് വ്യക്തമാക്കി. ബംഗ്ളാദേശിനുവേണ്ടി കളിച്ചിട്ടുള്ള പ്രമുഖ ഫുട്ബാൾ താരമാണ് അമിനുൾ ഹഖ്.
'പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം' അമിനുൾ ഹഖ് വ്യക്തമാക്കി. ബിസിസിഐയുമായും ഇന്ത്യയുമായുമുള്ള ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാൻ താൻ താൽപര്യപ്പെടുന്നെന്ന് ഹഖ് അറിയിച്ചു. അധികാരമേറ്റ ഉടൻ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ താൻ കണ്ടെന്നും ട്വന്റി20 ലോകകപ്പിനെക്കുറിച്ച് അദ്ദേഹവുമായി ചർച്ച ചെയ്‌തെന്നും അമിനുൾ ഹഖ് പറഞ്ഞു. 'ക്രിക്കറ്റിൽ ഐസിസി നിയമങ്ങൾക്ക് അനുസൃതമായി ചർച്ചകളിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കും.' ഹഖ് സൂചിപ്പിച്ചു.
'സ്‌പോർട്‌സ് അടക്കം ഇന്ത്യയുമായി എല്ലാ മേഖലകളിലും ആത്മാർത്ഥവും സൗഹൃദപരവുമായ ബന്ധം സ്ഥാപിക്കാൻ ബംഗ്ളാദേശ് ആഗ്രഹിക്കുന്നു. നയതന്ത്രപരമായ നൂലാമാലകൾ കാരണം ബംഗ്ളാദേശിന് ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കാനായില്ല. ഈ പ്രശ്‌നങ്ങൾ നേരത്തെ ചർച്ച ചെയ്‌ത് പരിഹരിച്ചിരുന്നെങ്കിൽ നമ്മുടെ ടീം പങ്കെടുത്തേനെ' അമിനുൾ ഹഖ് പറഞ്ഞു.
ബംഗ്ളാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ ക്രൂരതകളെത്തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം ബിസിസിഐ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബംഗ്ളാദേശ് താരം മുസ്‌തഫിസുർ റഹ്മാനെ നീക്കിയിരുന്നു. ഇതോടെ ബിസിസിഐയുമായി ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് കൊമ്പുകോർത്തു. തങ്ങളുടെ ലോകകപ്പ് ട്വന്റി20യിലെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്നും അയർലന്റിനെയും തങ്ങളെയും ഗ്രൂപ്പ് മാറ്റണമെന്നും ബിസിബി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഐസിസി നിരസിച്ചതോടെ ബംഗ്ളാദേശ് ലോകകപ്പിൽ നിന്ന് പുറത്തായി പകരം സ്‌കോട്‌ലൻഡ് ഇടംകണ്ടു. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ബംഗ്ളാദേശിന്റെ പുതിയ സർക്കാർ ശ്രമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |