ജയ്‌പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രിയും യുവ നേതാവുമായ സച്ചിൻ പൈലറ്റും തമ്മിലെ ഭിന്നത രൂക്ഷമാകുന്നു. അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് താൻ നിരാഹാര സമരം നടത്തുമെന്ന് വാർത്താ സമ്മേളനത്തിലൂടെ സച്ചിൻ പ്രഖ്യാപിച്ചു. വന്ധുന്ധര രാജെ നേതൃത്വം നൽകിയ മുൻ ബി ജെ പി സർക്കാരിന്റെ കാലത്ത് നടത്തിയ അഴിമതികൾക്കെതിരെ ഗെലോട്ട് സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് സച്ചിന്റെ ആവശ്യം.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സച്ചിൻ ചൂണ്ടിക്കാട്ടി. എക്‌സെെസ് മാഫിയ, അനധികൃത ഖനനം, ഭൂമി കെെയ്യേറ്റം, ലളിത് മോദി സത്യവാങ്‌മൂലക്കേസ് എന്നിവയിൽ നടപടിയെടുക്കുന്നതിൽ ഗെലോട്ട് സർക്കാർ പരാജയപ്പെട്ടുവെന്ന് സച്ചിൻ ആരോപിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വസുന്ധരെ രാജെയ്‌ക്കെതിരേ ഗെലോട്ട് നടത്തിയ അഴിമതി ആരോപണങ്ങളുടെ വീഡിയോകൾ സച്ചിൻ പുറത്തുവിട്ടു. ഇക്കാര്യങ്ങളിൽ എന്തുകൊണ്ടാണ് ഇതുവരെ അന്വേഷണം നടത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ബി ജെ പി സർക്കാരിന്റെ അഴിമതികൾ സംബന്ധിച്ച് കോൺഗ്രസ് സർക്കാരിന്റെ പക്കൽ തെളിവുകൾ ഉണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് സച്ചിൻ ആരോപിച്ചു. 'ഇത് നമ്മുടെ സർക്കാരാണ് നമ്മളെന്തെങ്കിലും പ്രവർത്തിച്ചാൽ മാത്രമേ ജനങ്ങൾക്ക് സർക്കാരിനോടുള്ള വിശ്വാസ്യത തുടർന്നും ഉണ്ടാകൂവെന്നും' അദ്ദേഹം ഓർമിപ്പിച്ചു.
'വാഗ്‌ദാനങ്ങൾ നിറവേറ്റാതെ തിരഞ്ഞെടുപ്പിനെ നേരിടാൻ സാധിക്കില്ല. അഴിമതി ആരോപണങ്ങളിൽ തെളിവുകളുണ്ട്. അത് അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കണം. ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ്. ജനങ്ങളുടെ ചോദ്യങ്ങൾക്ക് നമ്മൾ ഉത്തരം പറയേണ്ടതുണ്ടെന്നും' സച്ചിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |