
വാഷിംഗ്ടൺ : കരീബിയൻ കടലിൽ വെനസ്വേലയുമായി ബന്ധമുള്ള മറ്റൊരു എണ്ണ കപ്പൽ കൂടി പിടിച്ചെടുത്ത് യു.എസ്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് സമീപം അന്താരാഷ്ട്ര സമുദ്ര മേഖലയിൽ നിന്ന് യു.എസ് നേവിയും കോസ്റ്റ് ഗാർഡും 'ഒലീന" എന്ന കപ്പലാണ് പിടിച്ചെടുത്തത്. ഈസ്റ്റ് ടിമോറിന്റെ പതാകയാണ് കപ്പലിലുണ്ടായിരുന്നത്. ഒലീനയുടേത് വ്യാജ രജിസ്ട്രേഷനാണെന്നും വെനസ്വേലയിൽ നിന്ന് ഉപരോധം ലംഘിച്ച് രഹസ്യ എണ്ണക്കടത്ത് നടത്തുന്ന കപ്പൽ ശൃംഖലയുടെ ഭാഗമാണിതെന്നും യു.എസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അടുത്തിടെ യു.എസ് പിടികൂടിയ അഞ്ചാമത്തെ കപ്പലാണ് ഒലീന.
കഴിഞ്ഞ ആഴ്ച വെനസ്വേലയിൽ നിന്ന് എണ്ണയുമായി പുറപ്പെട്ടതായിരുന്നു ഒലീന. യു.എസ് ഇടപെടൽ ഭയന്ന് വെനസ്വേലയിലേക്ക് തന്നെ തിരിച്ച് യാത്രചെയ്യുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.
അതേ സമയം, ബുധനാഴ്ച വടക്കൻ അറ്റ്‌ലാന്റികിൽ നിന്ന് യു.എസ് പിടിച്ചെടുത്ത ബെല്ല-1 (മാരിനേര) കപ്പലിലെ 2 റഷ്യൻ ജീവനക്കാരെ യു.എസ് വിട്ടയച്ചു. കപ്പലിലെ 28 ജീവനക്കാരിൽ 3 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |