
ഗാന്ധിനഗർ: ക്ഷേത്രത്തിലെ നവീകരണപ്രവർത്തനത്തിനിടെ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങളുടെ വലിയ ശേഖരം കണ്ടെത്തി. കടുവകളുടേതെന്ന് സംശയിക്കുന്ന നാൽപതോളം തോലുകളും നൂറിലധികം നഖങ്ങളും കണ്ടെടുത്തു. ഗുജറാത്തിലെ രാജ്‌പിപ്ല പട്ടണത്തിലെ ക്ഷേത്രത്തിലാണ് സംഭവം. വന്യമൃഗങ്ങളുടെ കള്ളക്കടത്ത് മറയ്‌ക്കാനായി മതപരമായ സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നതിലെ ആശങ്കകളിലേക്ക് സംഭവം വിരൽ ചൂണ്ടി.
ക്ഷേത്രസമുച്ചയത്തിലെ പഴയ നിർമ്മിതികൾ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചുമാറ്റുന്നതിനിടെയാണ് ശരീരഭാഗങ്ങളും കണ്ടെത്തിയത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും സീൽ ചെയ്ത ഭാഗങ്ങൾക്കുള്ളിൽ നിന്നുമാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ ഒളിപ്പിച്ച ശേഖരം തൊഴിലാളികൾക്ക് കിട്ടിയത്. അവ തുറന്നുനോക്കിയപ്പോൾ മൃഗത്തോലുകളും നഖങ്ങളുമാണ് മനസിലായതിനെ തുടന്ന് ക്ഷേത്ര അധികാരികളെയും പ്രാദേശിക ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ പരിശോധനയ്‌ക്കായി വസ്‌തുക്കൾ കസ്‌റ്റഡിയിലെടുത്തു.
പ്രാഥമിക പരിശോധനയിൽ ശരീരഭാഗങ്ങൾ കടുവയുടേതാണെന്നാണ് കരുതുന്നത് ഫോറൻസിക്, ലബോറട്ടറി വിശകലനങ്ങൾക്ക് ശേഷം മാത്രമേ കൂടുതൽ സ്ഥിരീകരണത്തിലെത്താൻ സാധിക്കൂ'- ഉദ്യോഗസ്ഥർ പറയുന്നു.
കടുവയുടെ ശരീരഭാഗങ്ങൾ കൈവശം വയ്ക്കുന്നതും സൂക്ഷിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. വന്യജീവി സംരക്ഷണ നിയമപ്രകാരം സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തു. വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ എങ്ങനെ ക്ഷേത്രത്തിലെത്തിയെന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വന്യജീവികളുടെ കള്ളക്കടത്ത് ശൃംഖലയുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |