ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ 30 ദിവസത്തിലധികം ജയിലിൽ കഴിയേണ്ടി വരുന്ന പ്രധാനമന്ത്രി/മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാരെ നീക്കാനുള്ള ബില്ലിൽ നിലപാട് തിരുത്തി കോൺഗ്രസ് എം.പി ശശി തരൂർ. താൻ പറഞ്ഞതിനെ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് തരൂർ ഇപ്പോൾ വ്യക്തമാക്കിയത്.
ബില്ലിൽ തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹം ആദ്യം പ്രതികരിച്ചത്. എന്നാൽ മന്ത്രിമാരെ അയോഗ്യരാക്കണമെങ്കിൽ കുറ്റം തെളിയിക്കണമെന്ന് പറഞ്ഞ് ബില്ലിനോട് എതിർപ്പ് പിന്നീടദ്ദേഹം പ്രകടിപ്പിച്ചു.
അഞ്ചു വർഷമോ അതിൽകൂടുലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസത്തിൽ കൂടുതൽ ജയിലിൽ കഴിയുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഉൾപ്പടെയുള്ള മന്ത്രിമാരെ നീക്കം ചെയ്യാൻ അനുവദിക്കുന്നതാണ് നൂറ്റിമുപ്പതാം ഭരണഘടനാ ഭേദഗതി പ്രകാരം ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബില്ല്. ജയിലിലായി 31-ാം ദിവസം സ്ഥാനം മന്ത്രി രാജി വച്ചില്ലെങ്കിൽ അവരെ പുറത്താക്കാം. മന്ത്രിമാർക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടില്ലെങ്കിലും അവരെ നീക്കം ചെയ്യാനാകും.
ബില്ലിനെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തുമ്പോൾ കോൺഗ്രസ് എം.പിയായ ശശിതരൂർ ബില്ലിനെ അനുകൂലിക്കുന്ന നിലപാടെടുത്തത് വലിയ ചർച്ചയായിരുന്നു. അതിനിടെയാണ് ബില്ലിനെ എതിർക്കുന്ന തരത്തിൽ അദ്ദേഹം നിലപാടിൽ മാറ്റം വരുത്തിയിരിക്കുന്നത്. ബിൽ കീറിയെറിഞ്ഞും പ്രതിഷേധിച്ചും പ്രതിപക്ഷം ഇന്ന് സഭ സ്‌തംഭിപ്പിച്ചിരുന്നു. ആദ്യം വൈകിട്ട് അഞ്ചുവരെ പിരിഞ്ഞ സഭ പിന്നീട് നാളെ ചേരുമെന്ന് സ്‌പീക്കർ അറിയിച്ചു. അതേസമയം 130-ാം ഭരണഘടനാ ഭേദഗതി ബിൽ സർക്കാർ സംയുക്ത പാർലമെന്ററി സമിതിയ്‌ക്ക് വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |