മിക്ക കാർ ഉടമകൾക്കും തങ്ങളുടെ വാഹനത്തിന്റെ മുക്കും മൂലയും പരിചിതമാണ്. കൂടാതെ വാഹനം അകത്ത് നിന്ന് ലോക്കായാലുള്ള സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്നും പലർക്കും അറിയാം. ഇപ്പോഴിതാ യൂട്യൂബ് നോക്കി ലോക്കായ കാറിൽ നിന്ന് രക്ഷപ്പെട്ട കൊച്ചു കുരുന്ന് പെൺകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ സുൽത്താനാബാദിലാണ് ചാർമി എന്ന കൊച്ചു പെൺകുട്ടി അബദ്ധത്തിൽ കാറിനുള്ളിൽ കുടുങ്ങുകയും പിന്നീട് വിദഗ്ധമായി പുറത്ത് കടക്കുകയും ചെയ്തത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുട്ടിയുടെ കുടുംബം ഒരു മധുരപലഹാരക്കടയ്ക്ക് സമീപം കാർ നിർത്തിയത്. എന്നാൽ കാറിന്റെ താക്കോൽ വാഹനത്തിനുള്ളിൽ വച്ച് മറന്നാണ് ദമ്പതികൾ പുറത്തിറങ്ങിയത്. പലഹാരം വാങ്ങി തിരിച്ചെത്തിയപ്പോഴാണ് വാതിൽ അകത്ത് നിന്ന് ലോക്ക് ആയെന്ന് കുട്ടിയുടെ മാതാപിതാക്കൾക്ക് മനസിലായത്.
ഏകദേശം അരമണിക്കൂറോളം കുട്ടിയെ കാറിൽ നിന്നും പുറത്തെത്തിക്കാൻ കുടുംബം വേണ്ടതെല്ലാം ചെയ്തു നോക്കി. ഫലമുണ്ടായില്ല. ഇവർക്കൊപ്പം നാട്ടുകാരും സഹായിക്കാനെത്തി. സമയം കഴിയുംതോറും കുട്ടി വിയർക്കുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തപ്പോൾ എല്ലാവരും വളരെയധികം പരിഭ്രാന്തരമായി. കാറിന്റെ ജനാലകൾ തകർക്കാൻ പോലും ശ്രമിച്ചു. പക്ഷേ സമയം കടന്നുപോകുകയായിരുന്നു.
സാഹചര്യം വഷളായപ്പോൾ ഒരു യുവാവ് സഹായിക്കാൻ മുന്നോട്ടെത്തി. കുട്ടിയെ രക്ഷിക്കാൻ യുവാവിന് പെട്ടെന്ന് ഒരു ഉഗ്രൻ ഐഡിയ തോന്നി. കാർ അകത്ത് നിന്ന് ലോക്കായാൽ എങ്ങനെ അൺലോക്ക് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു യൂട്യൂബ് വീഡിയോ ആ കൊച്ചു പെൺകുട്ടിക്ക് തന്റെ ഫോണിൽ യുവാവ് കാണിച്ചുകൊടുത്തു.
വളരെ സമാധനത്തോടെ ചാർമി നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിച്ചു. ഒടുവിൽ കൂടി നിന്ന എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് പെൺകുട്ടി സ്വയം കാർ അൺലോക്ക് ചെയ്ത് പുറത്തെത്തുകയായിരുന്നു. വാതിൽ തുറന്ന നിമിഷം കുടുംബം അവളെ മുറുകെ പിടിച്ചു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ഹൃദ്യമായ ഒട്ടേറെ പ്രതികരണങ്ങളാണ് ഒഴുകിയെത്തിയത്. ഇത്രയും ദുഷ്‌കരമായ സമയത്തും ശാന്തത കൈവിടാതെ നിർദ്ദേശങ്ങൾ പാലിക്കാനുള്ള കുട്ടിയുടെ ധൈര്യത്തെ പലരും പ്രശംസിച്ചു. അത്തരമൊരു നിർണായക സാഹചര്യത്തിൽ യൂട്യൂബ് ഉപയോഗിച്ച യുവാവിനെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |