ഷില്ലോംഗ്: ഇൻഡോറിലെ ബിസിനസുകാരനായ നവവരൻ രാജാ രഘുവംശിയുടെ കൊലപാതകത്തിൽ നാലു പ്രതികളും കുറ്റം സമ്മതിച്ചതായി ഇൻഡോർ ക്രൈംബ്രാഞ്ച്. രാജ രഘുവംശിയുടെ ഭാര്യ സോനം രഘുവംശി ഭർത്താവ് കൊല ചെയ്യപ്പെടുന്നത് കണ്ടുനിന്നതായും പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.
പ്രതികളിൽ ഒരാളായ വിക്കി താക്കൂർ ആണ് ആദ്യം തലയ്ക്കടിച്ചത്. ശേഷം മൃതദേഹം കൊക്കയിലേയ്ക്ക് എറിഞ്ഞു. സോനം രഘുവംശിയുടെ കാമുകൻ രാജ് കുശ്‌വാഹയാണ് കൊലപാതകത്തിന്റെ സഹ ആസൂത്രകൻ. ഇയാൾ ഇൻഡോറിലിരുന്നാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. പ്രതികളുടെ യാത്രാ ചെലവുകൾക്കായി അര ലക്ഷം രൂപവരെ നൽകിയത് ഇയാളാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, രാജ് കുശ്‌വാഹയുമായി പ്രണയത്തിലാണെന്നും രാജ രഘുവംശിയെ വിവാഹം കഴിക്കാൻ താത്‌പര്യമില്ലെന്നും സോനം തന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇക്കാര്യം തന്നോട് രാജ രഘുവംശിയുടെ സഹോദരൻ വിപിൻ ആണ് പറഞ്ഞതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. രാജ് കുശ്‌വാഹയുമായുള്ള ബന്ധം സോനം തന്റെ അമ്മയോട് പറഞ്ഞു. രാജയെ വിവാഹം കഴിക്കാൻ താത്‌പര്യമില്ലെന്നും അമ്മയെ അറിയിച്ചു.
പക്ഷേ സോനത്തിന്റെ അമ്മ രാജുമായുള്ള ബന്ധത്തെ എതിർത്തു. രഘുവംശിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അവസാനം വിവാഹം കഴിക്കാൻ സോനം തയ്യാറായി. എന്നാൽ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 'താൻ എന്താണ് അയാളോട് ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ കാണും, അതിന്റെ പ്രത്യാഘാതങ്ങൾ നിങ്ങൾ സഹിക്കേണ്ടി വരും' എന്നാണ് സോനം അമ്മയോട് പറഞ്ഞതെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കി. എന്നാൽ സോനം ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും ഇയാൾ പറഞ്ഞു. സോനത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ യൂണിറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നയാളാണ് രാജ് കുശ്‌വാഹ. കുടുംബ ബിസിനസ് സോനവും കൈകാര്യം ചെയ്തിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |