പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് മുൻ സൈനികനും നടനും സംവിധായകനുമായ മേജർ രവി. പ്രധാനമന്ത്രിയുടെ നിർദേശം ലഭിച്ചാൽ മാത്രമേ സൈന്യത്തിന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂവെന്നും ഇപ്പോൾ സൈന്യം ഇന്റലിജൻസ് റിപ്പോർട്ടുകൾ ശേഖരിച്ചുവച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
'നമ്മൾ എവിടെയൊക്കെയോ ഒന്ന് റിലാക്‌സ് ചെയ്തതുപോലെയുള്ള തോന്നലുണ്ട്. ഇത്തരം പ്രശ്‌നബാധിത മേഖലകളിൽ സൈന്യത്തെ പിൻവലിക്കുന്ന സമയത്ത് കാലക്രമേണ അത് സാധാരണ നിലയിലേയ്ക്ക് വരും. സുരക്ഷാസൈന്യം ഉണ്ടെന്ന തോന്നൽ ജനങ്ങൾക്കും ഉണ്ടാകില്ല. അത്തരം സാഹചര്യമായിരുന്നു കാശ്‌മീരിൽ ഇപ്പോൾ. സൈനിക വേഷത്തിൽ ഇത്തരം ആക്രമണം നടന്നതിനെ ബോംബെ ഭീകരാക്രമണം പോലെ തന്നെയാണ് ഞാൻ കാണുന്നത്.
ഇവിടെ സുരക്ഷാവീഴ്ചയുണ്ടായതായി കരുതുന്നില്ല. ഭീകരർ ചോദിച്ചിട്ട് വെടിയുതിർത്തതാണ് ഏറെ ആശ്ചര്യപ്പെടുത്തിയത്. ഹിന്ദുവാണോ എന്നായിരുന്നു ചോദിച്ചത്. ഹിന്ദുവും മുസ്ളീമും തമ്മിലാണ് ഇവിടെ ഏറ്റവും വലിയ പ്രശ്നം എന്നാണ് പറയപ്പെടുന്നത്. കേരളത്തിൽ ഹിന്ദുവും മുസ്ളീമും തമ്മിൽ കലാപം ഉണ്ടായിട്ടില്ല. രാജ്യസ്‌നേഹം തീരെ ഇല്ലാത്തവരാണ് ആക്രമണം നടത്തുന്നത്. വിവരദോഷികളാണ് സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്.
കാശ്‌മീരിലും ഇതാണ് സംഭവിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. മുസ്ളീംങ്ങൾ ഹിന്ദുക്കളെ കൊന്നതാണെന്ന സാഹചര്യം ഉണ്ടാക്കാനായിരുന്നു ശ്രമം. രാജ്യത്ത് വർഗീയ കലാപം ഉണ്ടാക്കാനായിരുന്നു ഭീകരർ ശ്രമിച്ചത്. രാജ്യത്തിന്റെ സമാധാനം തകർക്കാൻ പറ്റിയ മാർഗമാണത്. ഇത് പാകിസ്ഥാൻ സ്‌പോൺസർ ചെയ്ത ആക്രമണമല്ല, ഇവിടെ നിന്നുതന്നെ ആരോ സ്‌പോൺസർ ചെയ്തിട്ട് പാകിസ്ഥാനോട് പറയുകയായിരുന്നു. പാകിസ്ഥാന് കിട്ടാൻ പോകുന്നത് പുൽവാമ ആക്രമണത്തിൽ ബാലക്കോട്ടിൽ കിട്ടിയത് പോലെയായിരിക്കില്ല, നല്ലൊരു തിരിച്ചടി ആയിരിക്കും, ഇനി സംസാരം ഒന്നും ഉണ്ടാകില്ല'- മേജർ രവി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |