
ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് നയത്തില്‍ ആശങ്ക
കൊച്ചി: യൂറോപ്യന്‍ രാജ്യങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ പത്ത് ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തില്‍ സ്വര്‍ണം, വെള്ളി വില റെക്കാഡുകള്‍ പുതുക്കി കുതിച്ചുയര്‍ന്നു. വ്യാപാര യുദ്ധ ആശങ്ക ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വന്‍കിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങികൂട്ടിയതാണ് വിലയില്‍ കുതിപ്പുണ്ടാക്കിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന്(31.1 ഗ്രാം) 88 ഡോളര്‍ വര്‍ദ്ധിച്ച് 4,689 ഡോളര്‍ വരെ ഉയര്‍ന്നു. വെള്ളി വില ഔണ്‍സിന് 92 ഡോളര്‍ കവിഞ്ഞു. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തില്‍ പവന്‍ വില രണ്ട് തവണയായി 1,800 രൂപ ഉയര്‍ന്ന് 1,07,240 രൂപയിലെത്തി. ഗ്രാമിന്റെ വില 225 രൂപ കൂടി 13,405 രൂപയിലെത്തി.
ജനുവരി ഒന്നിന് ശേഷം പവന്‍ വില 8,200 രൂപയാണ് കൂടിയത്. കഴിഞ്ഞ വര്‍ഷം സ്വര്‍ണ വില 64 ശതമാനം ഉയര്‍ന്നിരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സ്വര്‍ണത്തിന്റെ വിലക്കുതിപ്പിന് ആക്കം കൂട്ടുന്നു. അമേരിക്കന്‍ ഡോളറിന് ബദലായി ആഗോള നാണയമായി സ്വര്‍ണം മാറുകയാണ്.
വെള്ളി വില കിലോയ്ക്ക് മൂന്ന് ലക്ഷം കടന്നു
ചരിത്രത്തിലാദ്യമായി വെള്ളി വില കിലോഗ്രാമിന് മൂന്ന് ലക്ഷം രൂപ കവിഞ്ഞു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഫണ്ടുകള്‍ വാങ്ങുന്നതും വ്യാവസായിക മേഖലയില്‍ ആവശ്യം കൂടുന്നതുമാണ് വെള്ളി വിലയില്‍ കുതിപ്പുണ്ടാക്കുന്നത്. ഇന്നലെ കേരളത്തില്‍ വെള്ളി വില കിലോഗ്രാമിന് 3.05 ലക്ഷം രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 29ന് വെള്ളി വില കിലോഗ്രാമിന് 1.5 ലക്ഷം രൂപ മാത്രമായിരുന്നു. നാല് മാസത്തിനിടെയാണ് വെള്ളി വില ഇരട്ടിയിലധികം ഉയര്‍ന്നത്.
ഓഹരികളും താഴേക്ക്
എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദം സൃഷ്ടിച്ചു. സെന്‍സെക്‌സ് 324 പോയിന്റ് നഷ്ടത്തോടെ 83,246.18ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. നിഫ്റ്റി 109 പോയിന്റ് ഇടിഞ്ഞ് 25,585.50ല്‍ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും മൂക്കുകുത്തി.
ബ്രിക്‌സ് കൂട്ടായ്മയ്ക്ക് പുതിയ പ്‌ളാറ്റ്ഫോം
ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങളുടെ ഉഭയകക്ഷി വ്യാപാര പണമിടപാടുകള്‍ക്കായി അതത് രാജ്യങ്ങളുടെ ഡിജിറ്റല്‍ കറന്‍സികളെ ബന്ധിപ്പിക്കുന്ന പുതിയ പ്‌ളാറ്റ്ഫോം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. അടുത്ത ബ്രിക്സ് ഉച്ചകോടിയിലെ പ്രധാന അജണ്ടയായി ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.
നിക്ഷേപകരുടെ ആസ്തിയില്‍ ഇന്നലെയുണ്ടായ ഇടിവ്
2 ലക്ഷം കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |