
ടോക്കിയോ: അധികാരമേറ്റ് മൂന്ന് മാസം തികയും മുന്നേ പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനിച്ച് ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈചി. 23ന് ജനപ്രതിനിധി സഭ (പാർലമെന്റിന്റെ അധോസഭ) പിരിച്ചുവിടുമെന്നും ഫെബ്രുവരി 8ന് പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്നും തകൈചി അറിയിച്ചു. 27 മുതൽ പ്രചാരണം തുടങ്ങും. 2028ലാണ് ശരിക്കും തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
നിലവിൽ രാജ്യത്ത് തനിക്ക് ലഭിക്കുന്ന ജനപ്രീതിയുടെ വെളിച്ചത്തിൽ പാർട്ടിയ്ക്ക് ഭൂരിപക്ഷം നേടിയെടുത്ത് അധികാരം ബലപ്പെടുത്താനാണ് തകൈചിയുടെ നീക്കം. ഒക്ടോബർ 21നാണ് ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി 64കാരിയായ തകൈചി ചുമതലയേറ്റത്. 2024ൽ അധികാരത്തിലെത്തിയ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചതോടെ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് തകൈചി തിരഞ്ഞെടുക്കപ്പെട്ടത്.
ഉചിതമായ സമയം
1. 465 അംഗ പാർലമെന്റിൽ തകൈചിയുടെ എൽ.ഡി.പിക്ക് (ലിബറൽ ഡെമോക്രാറ്റിക് പാർട്ടി) 191 സീറ്റുകൾ മാത്രം. 233 സീറ്റാണ് ഭൂരിപക്ഷം. ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയുമായി (34 സീറ്റ്) ചേർന്ന് ന്യൂനപക്ഷ സഖ്യമായാണ് ഭരണം
2. ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയുമായുള്ള ധാരണ ഏത് നിമിഷവും തകർന്നേക്കാം. ഇതു മുന്നിൽ കണ്ടാണ് തിരക്കിട്ട് തിരഞ്ഞെടുപ്പ്. പാർലമെന്റിൽ സ്വന്തം പാർട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ തീവ്ര-വലതുപക്ഷ നേതാവായ തകൈചിയ്ക്ക് നയങ്ങൾ അനായാസം നടപ്പാക്കാം
3. ചൈനയുമായുള്ള നയതന്ത്ര ഭിന്നതകളിൽ തകൈചി സ്വീകരിച്ച ഉറച്ച നിലപാടുകൾ അവരുടെ ജനപ്രീതി ഉയർത്തി. സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ജനപ്രീതി നഷ്ടമാകും മുന്നേ അത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് തകൈചിയുടെ ലക്ഷ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |