SignIn
Kerala Kaumudi Online
Thursday, 19 February 2026 3.54 AM IST

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; സ്വീകരിക്കാന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി നരേന്ദ്ര മോദി

Increase Font Size Decrease Font Size Print Page
modi-putin

ന്യൂഡല്‍ഹി: ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി. ഇന്ത്യന്‍ സമയം വൈകുന്നേരം 6.35ന് ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പുടിന്‍ എത്തിയ വിമാനം ലാന്‍ഡ് ചെയ്തത്. 23ാമത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ എത്തിയിരിക്കുന്നത്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് പുടിന്‍ ഇന്ത്യയില്‍ എത്തുന്നത്.

2021ന് ശേഷമുള്ള റഷ്യന്‍ പ്രസിഡന്റിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. ഇന്ത്യയും റഷ്യയും തമ്മില്‍ നിരവധി കരാറുകള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ പ്രതിരോധ കരാറുകളും വ്യാപാര കരാറുകളും ഉള്‍പ്പെടുമെന്നാണ് വിവരം. വിദേശ രാജ്യത്തെ തലവനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ പോലും ലംഘിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തില്‍ എത്തിയത്.

പ്രതിരോധ മേഖലയില്‍ നിര്‍ണായകമായി പല തീരുമാനങ്ങളും കരാറുകളും പ്രതീക്ഷിക്കപ്പെടുന്ന സന്ദര്‍ശനത്തിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നതിനാലാണ് നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തില്‍ എത്തി പുടിനെ സ്വീകരിച്ചത്. മാത്രവുമല്ല അമേരിക്ക ഉള്‍പ്പെടെ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ - റഷ്യ ബന്ധം എത്രമാത്രം ശക്തമാണെന്ന സൂചന എതിരാളികള്‍ക്ക് നല്‍കുന്നത് കൂടിയായി മാറുകയാണ് മോദിയുടെ നേരിട്ടെത്തി സ്വീകരിക്കല്‍.

പുടിന് വേണ്ടി ഇന്ന് രാത്രി പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് പുടിന്റെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നത്. രാവിലെ 11 മണിയോടെ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക.

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA, RUSSIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY