
ചെന്നൈ: പോളിംഗ് കുതിച്ചുയർന്നത് തമിഴ് നാടിന്റെ രാഷ്ട്രീയ ചിത്രം മാറ്റി മറിച്ചേക്കും. പോസ്റ്റൽ വോട്ടുകൾ കൂടാതെ 85.15% പേർവോട്ടു ചെയ്തെന്നാണ് ഒടുവിലത്തെ കണക്ക്. ജില്ലയിൽ കരൂരിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത്- 92.63%. തൊട്ടു പിന്നിൽ സേലം- 90.76%. കന്യാകുമാരിയിലാണ് കുറഞ്ഞ പോളിംഗ്- 75.61%.
30– 35ശതമാനം വോട്ടർമാരും 40 വയസിനു താഴെയുള്ളവരാണ്. നടൻ വിജയ് നടത്തിയ പ്രചാരണം അവർക്കിടയിൽ തരംഗമായി.
ടി.വി.കെയ്ക് വിജയം ഉറപ്പെന്ന് വിജയ് അവകാശപ്പെട്ടു. രാഷ്ട്രീയം ചിലർക്ക് മാത്രമെ വഴങ്ങൂവെന്ന ധാരണ സാധാരണ വോട്ടർമാർ തകർത്തെന്നും വിജയ് പറഞ്ഞു. വിജയ് ധരിക്കുന്ന വെള്ള നിറത്തിലുള്ള ഷർട്ടും ക്രീം നിറത്തിലുള്ള പാന്റ്സും ധരിച്ചാണ് യുവജനങ്ങൾ വോട്ടുചെയ്യാനെത്തിയത്. ഇത് ടി.വി.കെയ്ക്ക് ആത്മവിശ്വാസം നൽകുന്നു.
അതേ സമയം ശക്തി കേന്ദ്രമായ ചെന്നൈയിൽ ഉൾപ്പെടെ ചില സീറ്റുകൾ നഷ്ടപ്പെടുമെങ്കിലും സുരക്ഷിതമായ ഭൂരിപക്ഷത്തിൽ ഭരണം തുടരാനാകുമെന്ന് ഡി.എം.കെ കണക്കു കൂട്ടുന്നു.പെരമ്പൂരിൽ വിജയ് ജയിച്ചേക്കുമെന്നാണ് ഡി.എം.കെ വിലയിരുത്തൽ. എന്നാൽ വിജയ് മത്സരിച്ച രണ്ടാമത്ത സീറ്റായ തൃച്ചി ഈസ്റ്റിൽ തോൽക്കും.
ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്നും അധികാരത്തിൽ തിരിച്ചെത്താനാകുമെന്നും അണ്ണാ ഡി.എ.കെ നേതൃത്വം വിലയിരുത്തി.ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാനുള്ള സംഘടനാ സംവിധാനം ടി.വി.കെയ്ക്ക് ഉണ്ടായിരുന്നില്ല .കൊങ്കു മേഖല തൂത്തുവാരുന്നതിനൊപ്പം വണ്ണിയർ സമുദായത്തിന്റെ പിന്തുണയിൽ വടക്കൻ തമിഴ്നാട്ടിലും മുന്നേറുമെന്നും അവകാശപ്പെടുന്നു. പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയും ഉറപ്പിച്ചു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |