മുംബയ്: പ്രമുഖ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിന്റെ ഡെലിവറി ബോയ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതി പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. പാഴ്സൽ കൈമാറുന്നതിനിടെ ഡെലിവറി ബോയ് തന്റെ മാറിടത്തിൽ സ്പർശിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. ഇതിന്റെ വീഡിയോ യുവതി എക്സിൽ പങ്കുവച്ചിട്ടുണ്ട്. ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച യുവാവാണ് വീട്ടിൽ എത്തിയത്. ബാക്കി പണം തിരികെ നൽകുമ്പോൾ ഇയാൾ യുവതിയുടെ മാറിടത്തിൽ സ്പർശിക്കുന്നതാണ് വീഡിയോയിലുള്ളത്.
'ഇന്ന് ബ്ലിങ്കിറ്റിൽ ഓർഡർ നൽകിയ ശേഷം എനിക്ക് സംഭവിച്ചതാണിത്. ഡെലിവറി ബോയ് വീണ്ടും എന്റെ വിലാസം ചോദിച്ചു. തുടർന്ന് എന്റെ ശരീരത്തിൽ അപമര്യാദയായി സ്പർശിച്ചു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുക. ഇന്ത്യയിൽ സ്ത്രീ സുരക്ഷ തമാശയാണോ?- വീഡിയോ പങ്കുവച്ച് യുവതി എക്സിൽ കുറിച്ചു.
തന്റെ വാക്കാലുള്ള പരാതി ബ്ലിങ്കിറ്റ് ആദ്യം തള്ളിയെന്നും പിന്നീട് വീഡിയോ തെളിവായി നൽകിയതിന് ശേഷമാണ് നടപടിയെടുത്തതെന്നും യുവതി ആരോപിക്കുന്നു. കമ്പനി ഡെലിവറി ഏജന്റിന്റെ കരാർ അവസാനിപ്പിക്കുകയും യുവാവിനെ നീക്കം ചെയ്‌തെന്നും യുവതി പറയുന്നു. വീഡിയോ എക്സിൽ വൈറലായതോടെ നിരവധി പേരാണ് യുവതിയെ പിന്തുണച്ച് രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |