
ലക്‌നൗ: ടിക്കറ്റിനെചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ടിടിഇ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിൽ ഇടാവയിലാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥൻ അജയ് സിംഗിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രിയിൽ റിസർവ് ചെയ്‌ത ട്രെയിനെന്ന് കരുതി പട്‌നയിൽ നിന്ന് ആനന്ദ് വിഹാറിലേക്ക് പോകുന്ന സ്‌പെഷ്യൽ ട്രെയിനിലാണ് ആരതി വന്നുകയറിയത്. ഇതിനിടെ ടിടിഇ സന്തോഷ് കുമാർ ഇവരെ കണ്ടു. വൈകാതെ ആരതിയുമായി തർക്കത്തിലാകുകയും ആരതിയുടെ പേഴ്‌സ് ആദ്യം സന്തോഷ് പുറത്തെറിഞ്ഞു. പിന്നാലെ ഓടുന്ന വണ്ടിയിൽ നിന്നും ആരതിയെ പിടിച്ചുതള്ളി. പിന്നീട് ബുധനാഴ്‌ച ഭർത്താനയിൽ റെയിൽവേ ട്രാക്കിന് സമീപത്തുനിന്നുമാണ് ആരതിയുടെ മൃതദേഹം ലഭിച്ചത്. അപകടം നടന്ന് തൽക്ഷണം ആരതി മരിച്ചിരുന്നു.
ആദ്യം അപകടമാണെന്നാണ് പൊലീസ് കരുതിയത്. പിന്നീട് സന്തോഷ് കുമാർ പിടിച്ചുതള്ളിയിട്ടാണ് യുവതി മരിച്ചതെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ സന്തോഷ് കുമാറിനെതിരെ ഇടാവ ജിആർപി കേസ് രജിസ്റ്റർ ചെയ്‌തു. ചികിത്സയ്ക്കായി ഡൽഹിയിലേക്ക് പോകവെയാണ് യുവതിയ്‌ക്ക് ദാരുണാന്ത്യം ഉണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |